പാരിസ്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകൾ. നഗ്ന ശരീരത്തിൽ യുക്രൈൻ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകളാണ് ഫ്രാൻസിലെ ഈഫൽ ടവറിനു മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് ലോക ശ്രദ്ധ നേടിയത്.
പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ ആണ് പ്രതിഷേധത്തിന് പിന്നിൽ. യുക്രൈനിൽ സ്ഥാപിതമായ വനിതാ സംഘടന ഇപ്പോൾ ഫ്രാൻസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പുടിന്റെ യുദ്ധം അവസാനിപ്പിക്കുക, പുടിന്റെ യുദ്ധം ക്രൂരം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു വനിതകളുടെ പ്രതിഷേധം. മീഡിയ കമ്പനിയായ വിസ്ഗ്രേഡ് 24ആണ് പ്രതിഷേധത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘വ്ലാഡിമർ പുടിൻ യുക്രൈൻ ജനതയെ മുഴുവൻ ബന്ദികളാക്കിയിരിക്കുകയാണ്. ജനങ്ങൾ നിരന്തരം ഭീഷണികൾക്ക് ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവർക്ക് എങ്ങോട്ടും ഓടിപ്പോകാനില്ല. ലോക ഭൂപടത്തിൽ നിന്ന് പുടിൻ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു.’– എന്നാണ് ഫെമെൻ എന്ന സംഘടന അവരുടെ വെബ്സൈറ്റിൽ കുറിച്ചത്.
യുക്രൈനെ യൂറോപ്യൻ യൂണിയന്റെ ഭാഗമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ‘യുക്രെയ്ൻ ജനത അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നത്. അവരുടെ രാജ്യത്തിന്റെ പരമാധികാരമാണ് അവർ ആഗ്രഹിക്കുന്നത്. പുട്ടിന്റെ സ്വേഛാധിപത്യപരമായ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാൻ നമ്മൾ തയ്യാറാകണം. യുക്രെയ്നിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിലൂടെ ജനാധിപത്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് പുട്ടിൻ.’– ഫെമെൻ വ്യക്തമാക്കി.
ലിംഗവിവേചനം, സെക്സ് ടൂറിസം എന്നിവയ്ക്കെതിരെ മുൻപും ഫെമിനിസ്റ്റ് സംഘടനയായ ഫെമെൻ ടോപ്‌ലെസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2008ലാണ് സംഘടന സ്ഥാപിച്ചത്. വിദേശ രാജ്യങ്ങളിൽ യുക്രൈനിയൻ വനിതകൾ ചൂഷണത്തിനിരയാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംഘടന രൂപീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates