മലമുകളിൽ തകർന്ന നിലയിൽ വിമാനം, ദൃശ്യങ്ങൾ പുറത്ത്; യാത്രക്കാരെക്കുറിച്ച് വിവരമില്ല

ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
നേപ്പാൾ ആർമി പുറത്തുവിട്ട ചിത്രം
നേപ്പാൾ ആർമി പുറത്തുവിട്ട ചിത്രം

കഠ്മണ്ഡു; നേപ്പാളിൽ 22 യാത്രക്കാരുമായി യാത്രാമധ്യേ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. നേപ്പാൾ സൈന്യമാണ് പർവത മേഖലയിൽ വിമാനം തകർന്നു കിടക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വിമാനത്തിലെ യാത്രക്കാരെക്കുറിച്ച് വിവരമില്ല. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഞായറാഴ്ച രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിൽ വിമാനം കത്തുന്ന അവസ്ഥയിൽ കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജർ ജനറൽ ബാബുറാം ശ്രേഷ്ഠ വെളിപ്പെടുത്തിയിരുന്നു.

പൈലറ്റിന്റെ ഫോൺ ഉപയോ​ഗിച്ചാണ് വിമാനം തകർന്നുവീണ സ്ഥലം മനസിലാക്കിയത്. പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ ഗിമിറെയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. ജിപിഎസ് സംവിധാനം വഴി പിന്നീട് ഫോൺ കൃത്യമായി ട്രാക്ക് ചെയ്തു.

4 ഇന്ത്യക്കാർക്കു പു‌റമേ 2 ജർമൻകാർ, 13 നേപ്പാളികൾ, ജീവനക്കാരായ 3 നേപ്പാൾ സ്വദേശികൾ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ വൈഭവി ബണ്ഡേകർ, മക്കൾ ധനുഷ്, ഋതിക എന്നിവരാണു കാണാതായ ഇന്ത്യൻ യാത്രികർ. ഇന്നലെ രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com