'ഷാരൂഖും സല്‍മാനും തോറ്റുപോകും; വെടിയുണ്ട പിളരുന്നതെങ്ങനെ?; ഇമ്രാന്‍ ഖാന്‍ നാടകം കളിക്കുന്നു'

വെടിയുണ്ടയേറ്റതിന് ക്യാന്‍സര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്തിനാണെന്നും ഫസലുര്‍ റഹ്മാന്‍ ചോദിച്ചു
ഇമ്രാന്റെ വാര്‍ത്താ സമ്മേളനം/എഎഫ്പി
ഇമ്രാന്റെ വാര്‍ത്താ സമ്മേളനം/എഎഫ്പി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനയത്തില്‍ ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും കടത്തിവെട്ടിയെന്ന് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് മേധാവി മൗലാന ഫസലുര്‍ റഹ്മാന്‍. ഇമ്രാന്‍ ഖാന് വെടിയേറ്റത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. വസീറാബാദ് സംഭവത്തെക്കുറിച്ച് കേട്ടപ്പോള്‍ ഇമ്രാന്‍ ഖാനോട് സഹതാപം തോന്നിയെങ്കിലും ഇപ്പോള്‍ അതൊരു നാടകമാണെന്നാണ് തോന്നുന്നത്. ഇമ്രാന്റെ പരിക്കുകളെ കുറിച്ചുള്ള അവ്യക്തതയാണ് അങ്ങനെയൊരു സംശയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

'ഇമ്രാന് എത്ര വെടിയുണ്ടയേറ്റു എന്ന കാര്യത്തില്‍ സംശയമുണ്ട്. പരിക്ക് ഒരു കാലിലാണോ അതോ രണ്ടു കാലിലുമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതെ ലാഹോറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കൗതുകകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെടിയുണ്ട പിളര്‍ന്ന ചീളുകളാണ് ഇമ്രാന്റെ കാലില്‍ കൊണ്ടതെന്ന പാകിസ്ഥാന്‍ തെഹ്‌രിഖി ഇന്‍സാഫ് പാര്‍ട്ടിയുടെ വാദത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 'എങ്ങനെയാണ് ഒരു വെടിയുണ്ട കഷ്ണങ്ങളായി പിളരുന്നത്? ബോംബിന്റെ ചീളുകളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ബുള്ളറ്റ് പിളരുന്നതിനെ കുറിച്ച് കേട്ടിട്ടില്ല. അന്ധരായ ആളുകള്‍ ഇമ്രാന്റെ നുണകള്‍ വിശ്വസിക്കുന്നു'- അദ്ദേഹം പറഞ്ഞു. 

വെടിയുണ്ടയേറ്റതിന് ക്യാന്‍സര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്തിനാണെന്നും ഫസലുര്‍ റഹ്മാന്‍ ചോദിച്ചു. ഇമ്രാന്‍ ഖാന്റെ നുണകളെ കുറിച്ച് അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇമ്രാന്‍ ഖാന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഷൗക്കത്ത് ഖനും ആശുപത്രിയിലാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. താനുള്‍പ്പെടെ 12പേര്‍ക്ക് വെടിയേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത വസീറാബാദില്‍ നിന്ന് ചൊവ്വാഴ്ച മുതല്‍ ലോങ് മാര്‍ച്ച് പുനരാരംഭിക്കുമെന്ന് ഇമ്രാന്‍ കഴിഞ്ഞദിവസം ആശുപത്രിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2018ല്‍ ഇമ്രാന്‍ ഖാനും സൈന്യത്തിനും എതിരെ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com