'അമേരിക്കയെയും ദക്ഷിണ കൊറിയയെയും നിഷ്‌കരുണം ആക്രമിക്കാനുള്ള പരിശീലനം'; മിസൈല്‍ വര്‍ഷിച്ചതില്‍ ഉത്തര കൊറിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 11:51 AM  |  

Last Updated: 07th November 2022 11:51 AM  |   A+A-   |  

north_korea

ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട മിസൈല്‍ പരീക്ഷ ചിത്രങ്ങള്‍

 

ക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും നിഷ്‌കരുണം ആക്രമിക്കാനുള്ള പരിശീലനമായിരുന്നെന്ന് ഉത്തര കൊറിയന്‍ സൈന്യം. മിസൈല്‍ പരീക്ഷണങ്ങള്‍ വിജയമാണെന്ന് വ്യക്തമാക്കി നടത്തിയ പ്രസ്താവനയിലാണ് ഉത്തരകൊറിയ ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദക്ഷിണ കൊറിയന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ഉത്തര കൊറിയ ഇരുപത്തിയഞ്ചോളം മിസൈലുകള്‍ തൊടുത്തുവിട്ടത്. ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെയായിരുന്നു ആക്രമണം. സൈനിക അഭ്യാസത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഉത്തര കൊറിയന്‍ സൈന്യം അവകാശപ്പെടുന്നു. 

'തുടര്‍ച്ചയായുണ്ടാകുന്ന ശത്രുക്കളുടെ പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ക്ക് മറുപടിയാണ് കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ നടപടി. കൂടുതല്‍ സമഗ്രമായും നിഷ്‌കരുണമായും അവരെ നേരിടും'-ഉത്തര കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു. 

ശത്രുവിന്റെ വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. വ്യത്യസ്ത ഉയരങ്ങളിലും ദൂരങ്ങളിലുമായി ശത്രുവിമാനമങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഭൗമ-ആകാശ മിസൈലുകളും പരീക്ഷിച്ചവയുടെ കൂട്ടത്തിലുണ്ട്. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ തീരദേശ നഗരമായ ഉല്‍സാന്റെ 80 കിലോമീറ്റര്‍ (50 നോട്ടിക്കല്‍ മൈല്‍) അകലെ പതിച്ചത് സുപ്രധാന ക്രൂയിസ് മിസൈല്‍ ആണെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു. 

ശത്രുവിന്റെ ഓപ്പറേഷന്‍ കമാന്‍ഡ് സിസ്റ്റത്തെ തകര്‍ക്കുന്ന പ്രത്യേക ബാലിസ്റ്റക് മിസൈലുകളും പരീക്ഷച്ചവയുടെ കൂട്ടത്തിലുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. അതേസമയം, ആണവ ശേഷിയുള്ള ഹ്രസ്വദൂര മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത് എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. ഉത്തര കൊറിയ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, അതിര്‍ത്തി പ്രദേശത്ത് നിന്ന് ദക്ഷിണ കൊറിയ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 43 പേരുമായി പറന്ന വിമാനം ടാൻസാനിയയിൽ തടാകത്തിൽ തകർന്നുവീണു; വിഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ