അര്‍ജന്റീന കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തുനിന്നില്ല; 'മദേഴ്സ് ഓഫ് ദി പ്ലാസ ഡിമെയോ' പോരാട്ട നായിക വിടവാങ്ങി

അര്‍ജന്റീനയില്‍ പട്ടാള ഭരണകൂടത്തിന് എതിരെ പോരാട്ടം നടത്തിയ അമ്മമാരുടെ കൂട്ടായ്മ 'മദേഴ്സ് ഓഫ് ഡി പ്ലാസ ഡിമെയോ' സ്ഥാപക ഹെബി ഡി ബൊനാഫിനി (93) അന്തരിച്ചു
ഹെബി ഡി ബൊനാഫിനി മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയ്‌ക്കൊപ്പം/എഎഫ്പി
ഹെബി ഡി ബൊനാഫിനി മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയ്‌ക്കൊപ്പം/എഎഫ്പി
Updated on
1 min read

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ പട്ടാള ഭരണകൂടത്തിന് എതിരെ പോരാട്ടം നടത്തിയ അമ്മമാരുടെ കൂട്ടായ്മ 'മദേഴ്സ് ഓഫ് ഡി പ്ലാസ ഡിമെയോ' സ്ഥാപക ഹെബി ഡി ബൊനാഫിനി (93) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. 1970കളിലും 80കളിലും നിലനിന്ന പട്ടാള ഭരണകൂടത്തിന്റെ ഭീകരതകള്‍ക്ക് എതിരെ പോരാടി, ലോകശ്രദ്ധ നേടിയ വനിതയാണ് ഹെബി. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ പട്ടാള ഭരണകൂടം, പിടിച്ചുകൊണ്ടുപോയ തങ്ങളുടെ മക്കളെ കണ്ടെത്താനായി പ്രതിഷേധം ആരംഭിച്ച പതിമൂന്നു അമ്മമാരില്‍ പ്രധാനിയായിരുന്നു ഹെബി. 

പ്രതിപക്ഷ പാര്‍ട്ടിക്കാരും വിദ്യാര്‍ത്ഥികളും അടക്കം ഏകദേശം 30,000ന് മുകളില്‍ ജനങ്ങളുടെ ജീവനെടുത്ത 'ഡേര്‍ട്ടി വാര്‍' എന്ന പേരില്‍ അറിയപ്പെട്ട പട്ടാള അടിച്ചമര്‍ത്തലില്‍ ഹെബിയുടെ രണ്ട് മക്കളേയും നഷ്ടപ്പെട്ടിരുന്നു. മക്കള്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയന്ന് അറിയാതെ വന്നപ്പോഴാണ് ഹെബിയുടെ നേതൃത്വത്തില്‍ പതിമൂന്ന് അമ്മമാര്‍ തെരുവിലിറങ്ങിയത്. ഇത് പിന്നീട് അര്‍ജന്റൈന്‍ ജനകീയ പ്രക്ഷോഭത്തില്‍ വലിയ മുന്നേറ്റമായി മാറി. 

1977 ഏപ്രില്‍ 30നാണ് 'മദേഴ്സ് ഓഫ് ദി പ്ലാസ ഡിമെയോ' സമരം ആരംഭിച്ചത്. തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാര്‍ച്ച് നടത്തി. സംഘത്തില്‍പ്പെട്ട അമ്മമാരില്‍ ചിലരെ തട്ടിക്കൊണ്ടുപോകുകയും ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി. എന്നിട്ടും ഇവര്‍ പിന്നോട്ടുപോയില്ല. 

'അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് മുന്നില്‍ പെടാതിരിക്കാന്‍ ഞങ്ങള്‍ വിഗ്ഗ് ധരിച്ചാണ് പോയിരുന്നത്'-കിരാത കാലത്തെ കുറിച്ച് 2017ല്‍ ഹെബി ഓര്‍മ്മിച്ചെടുത്ത് ഇങ്ങനെ. 

ഹെബിയുടെ മരണത്തില്‍ അര്‍ജന്റീനയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. 'പ്രിയപ്പെട്ട ഹെബി, നിങ്ങള്‍ മനുഷ്യാവകാശ പോരാട്ടത്തിന്റെ ലോക പ്രതീകമാണ്, അര്‍ജന്റീനയുടെ അഭിമാനമാണ്'- അര്‍ജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com