ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്താക്കി?; ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയത- വിഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd October 2022 01:00 PM  |  

Last Updated: 22nd October 2022 01:00 PM  |   A+A-   |  

Hu_Jintao

ഹു ജിന്റാവോയെ പുറത്തേക്കു കൊണ്ടുപോവുന്നു, ഷി ജിന്‍പിങ് സമീപം/എഎഫ്പി

 

ബീജിങ്: മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്നു ബലം നിര്‍ബന്ധപൂര്‍വം പുറത്തേക്കു കൊണ്ടുപോയി. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ്, രണ്ടു സുരക്ഷാ ഭടന്മാര്‍ ഹുവിനെ വേദിക്കു പുറത്തേക്കു കൊണ്ടുപോയത്. ഹുവിനെ കോണ്‍ഗ്രസ് വേദിയില്‍നിന്നു പുറത്താക്കിയതാണോയെന്നു വ്യക്തമല്ല. ഇതില്‍ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാര്‍ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. എഴുപത്തിയൊന്‍പതുകാരനായ ഹു ആദ്യ ദിനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. പുറത്തേക്കു പോവാന്‍ അദ്ദേഹം വിസമ്മതിക്കുന്നതും പിന്നെ നിര്‍ബന്ധത്തിനു വഴങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുറത്തേക്കു പോവുമ്പോള്‍ ഹു തൊട്ടടുത്തിരുന്ന ഷിയോട് എന്തോ പറയുന്നതും പ്രസിഡന്റ് തല കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

മാധ്യമ പ്രവര്‍ത്തകരുടെയും 2296 പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നാടകീയ സംഭവം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനമാണ് ഇന്ന്. 

ലീ കെക്വിയാങ്ങിനെ ഒഴിവാക്കി

പ്രധാനമന്ത്രി ലീ കെക്വിയാങ് ഉള്‍പ്പെടെ നാലു പ്രമുഖരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റിയില്‍നിന്നും അതുവഴി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്നും പുറത്താവുന്നതോടെ, രാജ്യത്തെ രണ്ടാമത്തെ ശക്തനായ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായതായതാണ് കണക്കാക്കപ്പെടുന്നത്.

അറുപത്തിയേഴുകാരനായ ലീ ഒരു ഘട്ടത്തില്‍ ചൈനീസ് പ്രസിഡന്റ് ആവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ്. ഷി ജിന്‍പിങ്ങ് മൂന്നാം തവണയും നേതൃത്വത്തിലേക്കെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താവായ ലീ പൂര്‍ണമായും പിന്തള്ളപ്പെട്ടു. 205 അംഗ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ലീ ഉള്‍പ്പെടെ നാലു പ്രമുഖ നേതാക്കളാണ് പുറത്തായത്.

ഏഴു പേരാണ്, പുനസ്സംഘടിപ്പിക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായത്. ഷീ ജിന്‍പിങ്ങിനു സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ വരുത്തിയ മാറ്റം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ദേശീയ അജന്‍ഡയ്ക്കും കോണ്‍ഗ്രസ് രൂപം നല്‍കി.

പാര്‍ട്ടി നേതൃത്വത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന്, പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് ഷീ ജിന്‍പിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിയൽ ഉൽപ്പന്നങ്ങൾ കൊണ്ട് മുടി സ്‌ട്രെയിറ്റ് ചെയ്തു; ഗർഭാശയ അർബുദം ബാധിച്ചെന്ന് യുവതി, കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ