പ്രചോദനാത്മക നേതൃത്വമെന്ന് നരേന്ദ്രമോദി; എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് ലോകനേതാക്കള്‍ 

രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു
മോദി എലിസബത്ത് രാജ്ഞിക്കൊപ്പം/ ട്വിറ്റര്‍
മോദി എലിസബത്ത് രാജ്ഞിക്കൊപ്പം/ ട്വിറ്റര്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്ഞിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. 2015ലെയും 2018ലെയും യുകെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. 

രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിര്‍വചിച്ചു. രാജ്ഞിയോടുള്ള ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും ബൈഡന്‍ ഉത്തരവിട്ടു. 

പദവിയോട് എലിസബത്ത് രാജ്ഞി നീതി പുലര്‍ത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അനുശോചിച്ചു. ക്യൂന്‍ എലിസബത്ത് ബ്രിട്ടനും കോണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കുമായി നിസീമമായ സേവനം അര്‍പ്പിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.  

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജസിംഹാസനത്തില്‍ ഇരുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാണ് എലിസബത്ത് രാജ്ഞി. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യം. രാജ്ഞിയുടെ വിയോഗത്തില്‍ ബ്രിട്ടനില്‍ പത്തുദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.  എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com