സൈനികവിഭാഗങ്ങള്‍ തമ്മില്‍ പോരാട്ടം; കൂട്ട കുരുതികളാല്‍ കുപ്രസിദ്ധം ആര്‍എസ്എഫ്, സുഡാനില്‍ സംഭവിക്കുന്നതെന്ത്? 

ആഭ്യന്തര കലാപങ്ങള്‍ തുടര്‍ക്കഥയായ വടക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
2 min read

ഭ്യന്തര കലാപങ്ങള്‍ തുടര്‍ക്കഥയായ വടക്കു-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ട പുതിയ കലാപത്തില്‍, ഒരു മലയാളി കൊല്ലപ്പെട്ടതോടെ, സുഡാനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. 

വിഷയം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ കടുത്ത ദുഖമുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാന്‍ എംബസി ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

എന്താണ് സുഡാനില്‍ സംഭവിക്കുന്നത്? 

ആഭ്യന്തരകലാപങ്ങള്‍ തുടര്‍ക്കഥയായ സുഡാനില്‍, 2021ല്‍ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. പതിനെട്ട് മാസത്തിന് ശേഷം ജനാധിപത്യ മാര്‍ഗത്തിലൂടെ സര്‍ക്കാരുണ്ടാക്കാം എന്നായിരുന്നു സൈന്യത്തിന്റെ വാഗ്ദാനം. പ്രതിഷേധം ശക്തമായതിന് പിന്നാലെ, അധികാര മാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സൈന്യം തീരുമാനിച്ചു. എന്നാല്‍, ഭരണം നിയന്ത്രിക്കുന്ന രാജ്യത്തെ രണ്ട് പ്രധാന സൈനിക വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. 


തമ്മിലടിച്ച് സൈനിക വിഭാഗങ്ങള്‍

സുഡാന്‍ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് റെസ്‌പോണ്‍സ് (ആര്‍എസ്എഫ്) ഫോഴ്‌സും തമ്മിലാണ് ഏറ്റുമുട്ടല്‍. ഈ രണ്ട് സൈനിക വിഭാഗങ്ങളും ഉള്‍പ്പെട്ട കൗണ്‍സില്‍ ഓഫ് ജനറല്‍സ് ആണ് ഭരണം നിയന്ത്രിച്ചിരുന്നത്. സൈനിക മേധാവി ജനറല്‍ അബ്ദുള്‍ ഫത്തേ അല്‍-ബുര്‍ഹാന്‍ ആണ് നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ്. ആര്‍എസ്എഫ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ആണ് വൈസ് പ്രസിഡന്റ്. 

പതിനായിരത്തോളം വരുന്ന ആര്‍എസ്എഫിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ ആരാണ് പുതിയ സേനയെ നയിക്കുക എന്നതിനെ ചൊല്ലി അല്‍-ബുര്‍ഹാനും മുഹമ്മദ് ഹംദാനും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് പകരം ശനിയാഴചയോടെ ഇരു സേനാ വിഭാഗങ്ങളും തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. 

കൂട്ട കുരുതികളാല്‍ കുപ്രസിദ്ധം ആര്‍എസ്എഫ്

2013ലാണ് ആര്‍എസ്എഫ് രൂപീകരിച്ചത്. വിമത വിഭാഗങ്ങളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാരാമിലിട്ടറി സംഘത്തിന്റെ രൂപീകരണം. 2019ല്‍ സൈന്യത്തിന് നേരെ നടന്ന പ്രതിഷേധത്തിനിടെ 120 പേരെ കൊന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളാല്‍ കുപ്രസിദ്ധമാണ് ഈ സേനാവിഭാഗം. നിലവില്‍ പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ രണ്ട് പ്രധാന എയര്‍പോര്‍ട്ടുകളും ആര്‍എസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 56 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. 595പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍എസ്എഫ് തമ്പടിച്ചിരിക്കുന്ന മേഖലകളില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. 

2019ല്‍ മുന്‍ പ്രസിഡന്റ് ഒമര്‍-അല്‍-ബഷിറിന് എതിരെ നടന്ന ജനകീയ പ്രക്ഷോഭം 2021ലെ സൈനിക അട്ടിമറിയിലേക്ക് നീങ്ങുകയായിരുന്നു. 2021 ഒക്ടോബറില്‍ സംയുക്ത സൈനിക-സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍വന്നു. എന്നാല്‍, സൈന്യം പൂര്‍ണമായും അധികാരത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിച്ചു. കഴിഞ്ഞ ഡിസംബറില്‍ അധികാരം സിവിലിയന്‍മാര്‍ക്ക് തിരികെ നല്‍കാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നെങ്കിലും അവസാനഘട്ടത്തില്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com