പുടിനെ വിമര്‍ശിച്ചു; റഷ്യയില്‍ പ്രതിപക്ഷ നേതാവിന് 25 വര്‍ഷം തടവ് ശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2023 04:59 PM  |  

Last Updated: 17th April 2023 04:59 PM  |   A+A-   |  

kara-murza

ചിത്രം: എഎഫ്പി

 

പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സ്ഥിരം വിമർശകൻ വ്ലാഡിമർ കാര-മുർസ ജൂനിയറിന് 25 വർഷം കഠിനതടവ് വിധിച്ച് റഷ്യൻ കോടതി. രാജ്യദ്രോഹക്കുറ്റം, സൈന്യത്തെ അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കാരയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022ല്‍ അരിസോണ ഹൗസ് ഓഫ് റെപ്രസന്റേഷനില്‍ നടത്തിയ പ്രംസഗത്തിനാണ് മുര്‍സയ്ക്ക് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുര്‍സയുടെ പ്രസംഗം. 

യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് പിന്നാലെ, സേനയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനായി റഷ്യ പുതിയ നിയമം കൊണ്ടുവന്നിരുന്നു. സര്‍ക്കാരിനെയും പുടിനെയും നിരന്തരം വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ ഈ നിയമത്തിന്റെ മറവില്‍ വ്യാപക വേട്ടയാടല്‍ നടക്കുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

2015ല്‍ കൊല്ലപ്പെട്ട പ്രതിപക്ഷ നേതാവ് ബോറിസ് നെമത്സോവുമായി അടുപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു മുര്‍സ. രണ്ടുതവണ മുര്‍സയ്ക്ക് എതിരെയും വധശ്രമമുണ്ടായി. 2015ലും 2017ലും തനിക്കെതിരെ നടന്ന വിഷ പ്രയോഗത്തിന് പിന്നില്‍ സര്‍ക്കാരാണ് എന്നാണ് മുര്‍സ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. 

തനിക്കെതിരായ നടപടി സോവിയറ്റ് കാലത്ത് സ്റ്റാലിന്‍ നടപ്പിലാക്കിയ ഷോ ട്രൈലിന് തുല്യമാണ് എന്ന് മുര്‍സ ആരോപിച്ചു. പുടിന്റെ ഏകാധിപത്യത്തിന് എതിരെ ശബ്ദമുയര്‍ത്തുന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

'നമ്മുടെ രാജ്യത്തെ മൂടുന്ന ഇരുട്ട് ഒരുനാള്‍ മാറുമെന്ന് എനക്ക് വിശ്വാസമുണ്ട്. നമ്മുടെ സമൂഹം കണ്ണുതുറക്കുകയും ഭീകരമായ കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് തിരിച്ചറിയുകയും ചെയ്യും.'- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

റഷ്യന്‍ നടപടിയ വിമര്‍ശിച്ച് ആംനസ്റ്റി ഇന്റനാര്‍ഷണല്‍ രംഗത്തെത്തി. സമൂഹത്തിന് നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന്റെ മറ്റൊരു ഉദാഹരണമാണ് മുര്‍സയുടെ ശിക്ഷയെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. കഴിഞ്ഞവര്‍ഷം യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിച്ച മറ്റൊരു പ്രതിപക്ഷ നേതാവ് ഇല്യ യാഷിന് എട്ടര വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. 


ഈ വാർത്ത കൂടി വായിക്കൂ 'മതനിന്ദ നടത്തി'; പാകിസ്ഥാനില്‍ ചൈനീസ് എഞ്ചിനീയര്‍ അറസ്റ്റില്‍, ആക്രമിക്കാന്‍ തടിച്ചുകൂടി നൂറുകണക്കിന് പേര്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ