സഹായധനം വാങ്ങാൻ കൂട്ടമായി എത്തി; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു, 300ൽ അധികം പേർക്ക് പരിക്ക്

റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത്
ധനസഹായ വിതരണത്തിനിടെയുണ്ടായ തിക്കും തിരക്കും/ വിഡിയോ സ്ക്രീൻഷോട്ട്
ധനസഹായ വിതരണത്തിനിടെയുണ്ടായ തിക്കും തിരക്കും/ വിഡിയോ സ്ക്രീൻഷോട്ട്

സന; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. ധനസഹായ വിതരണ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്.  സംഭവത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടേയും നില ​ഗുരുതരമാണ്. റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. 

റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത്. സനയിലെ ബാബ് അൽ-യെമൻ ജില്ലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെടുകയും 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഹൂതി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. 

ഒരു സ്കൂളിലാണ് സഹായ വിതരണം നടന്നത്. യുദ്ധത്തെ തുടർന്ന് കടുത്ത ദാരിദ്രത്തിലൂടെ കടന്നുപോകുന്ന ജനങ്ങൾ സഹായധനം സ്വീകരിക്കാൻ കൂട്ടത്തോടെ എത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിക്കിലും തിരക്കിലും നിന്നും രക്ഷപ്പെടാൻ ആളുകളുടെ മുകളിലൂടെ പോകാൻ നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സക്കാത്ത് വിതരണ പരിപാടി നടത്തിയവരെ കസ്റ്റഡിയിലെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com