

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ 64കാരിയുടെ തലച്ചോറില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. ഒഫിഡാസ്‌കറിസ് റോബര്‍ട്ട്‌സി എന്ന് അറിയപ്പെടുന്ന എട്ട് സെന്റിമീറ്റര്‍ നീളമുള്ള പരാന്നഭോജിയായ വിരയെയാണ് ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഓസ്‌ട്രേലിയയിലെ കാന്‍ബെറ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ലോകത്ത് ആദ്യമായാണ് മനുഷ്യ മസ്തിഷ്‌കത്തില്‍ പരാന്നഭോജിയായ വിരയെ കണ്ടെത്തുന്നത്.
പനി, വയറുവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ 2021 ജനുവരിയിലാണ് വയോധിക ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടർന്ന് മറവി രോഗവും വിഷാദ രോഗവും വയോധികയെ ബാധിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്ക് കാൻബെറ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കാനിങ്ങിൽ ഇവരുടെ വലതു തലച്ചോറിൽ അസ്വഭാവികമായി എന്തോ ഉണ്ടെന്ന് കണ്ടെത്തി.
ശസ്ത്രക്രിയയ്ക്കിടെയാണ് തലച്ചോറിൽ 8 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ ഡോക്ടർമാർ കണ്ടെത്തിയത്. ന്യൂറോ സർജന്മാന്മാർ തലച്ചോറിലെ അണുബാധകൾ കണ്ടെത്താറുണ്ട്. പക്ഷേ ഇത് വ്യത്യസ്തമായ ഒരു കണ്ടെത്തലായിരുന്നു എന്ന് ഡോ സേനാനായകെ പറയുന്നു. കാൻബെറ ഒരു ചെറിയ സ്ഥലമായതുകൊണ്ടുതന്നെ പരാന്നഭോജിയെക്കുറിച്ച് വിശദമായി പഠിക്കാനുള്ള സൗകര്യങ്ങൾ അവിടെയില്ല. അതിനാൽ ഇത് സംബന്ധിച്ച കൂടുതൽ പഠനത്തിനായി കോമൺവെൽത്ത് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലുള്ള ശാസ്ത്രജ്ഞന്റെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അദ്ദേഹമാണ് ഒഫിഡാസ്കറിസ് റോബർട്ട്സി ഇനത്തിൽപ്പെട്ടതാണ് പരാന്നഭോജിയെന്ന് കണ്ടെത്തിയതെന്നും ഡോ. സേനാനായകെ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കന്‍ പ്രദേശമായ ന്യൂ സൗത്ത് വേല്‍സിലാണ് സ്ത്രീ താമസിക്കുന്നത്. ഈ പ്രദേശത്ത് കണ്ടുവരുന്ന കാർപ്പെറ്റ് പെരുമ്പാമ്പുകളുടെ ദഹനനാളമാണ് ഈ പരാന്നഭോജിയുടെ വാസസ്ഥലം. പെരുമ്പാമ്പിന്റെ വിസർജ്യത്തിലൂടെ പരാന്നഭോജി പുല്ലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. പുല്ലുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ഇവ ഭക്ഷണത്തിലേക്കോ അടുക്കളയിലുള്ള പാത്രങ്ങളിലേക്കോ പ്രവേശിച്ചിട്ടുണ്ടാകാം. വയോധികയ്ക്ക് പാമ്പുകളുമായി നേരിട്ട് ബന്ധമില്ലെങ്കിലും പാമ്പുകളുള്ള തടാകത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. പാചകത്തിനായി ശേഖരിച്ച ഇല പോലെയുള്ള ഭക്ഷ്യയോഗ്യമായ പുല്ലുകളിലൂടെ വിരയുടെ മുട്ടകൾ അശ്രദ്ധമായി അകത്താക്കിയിരിക്കാമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
  
ഒഫിഡാസ്‌കറിസ് റോബര്‍ട്ട്‌സി വളരെ അപകടകാരിയാണ്. വിരയുടെ ലാർവകൾ വയോധികയുടെ ശരീരത്തിലെ ശ്വാസകോശങ്ങളും കരളും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെ ബാധിച്ചതായും സംശയിക്കുന്നുണ്ടെന്ന് ഡോ. സേനാനായകെ പറയുന്നു. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് ഡോ. സേനാനായകെ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
