പെഷവാര്‍ ഭീകരാക്രമണം; പാക് താലിബാനെ നിയന്ത്രിക്കണം, 'ഒറിജിനല്‍' താലിബാന്റെ സഹായം തേടി പാകിസ്ഥാന്‍

പാക് താലിബാനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയെ സമീപിക്കാന്‍ പാകിസ്ഥാന്‍
സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി/എഎഫ്പി
സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി/എഎഫ്പി

പെഷവാര്‍ ചാവേര്‍ ആക്രമണത്തിന് പിന്നാലെ, പാക് താലിബാനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയെ സമീപിക്കാന്‍ പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വിശ്വസ്തര്‍ താലിബാന്‍ നേതാവുമായി ചര്‍ച്ച നടത്തുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പെഷവാറിലെ പൊലീസ് ആസ്ഥാനത്തെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 101 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് പാക് താലിബാന്‍ ആണെന്നാണ് പെഷവാര്‍ പൊലീസ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‌രിഖ്-ഇ-താലിബാന്‍ പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അഫ്ഗാന്‍ താലിബാന്‍ പറയുന്നത്. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും അഫ്ഗാന്‍ താലിബാന്‍ അവകാശപ്പെട്ടിരുന്നു. 

പാക് താലിബാനെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന നീക്കവുമായി പ്രധാനമന്ത്രിയുടെ വിസ്വസ്തര്‍ അഫ്ഗാനിലേക്ക് പോകുന്നത്. 

താലിബാന്‍ മണ്ണ് പാകിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ താലിബാനോട് ആവശ്യപ്പെടുമെന്ന് പാക് പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഫൈസല്‍ കരിം കുന്‍ദി പറഞ്ഞു. അതേസമയം, പാകിസ്ഥാന്‍ പ്രധിനിധികളെ അയക്കുന്നതിനെ കുറിച്ച് താലിബാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 

അഫ്ഗാനില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് അമേരിക്കന്‍ സഖ്യകക്ഷി ആയിരിക്കെതന്നെ, താലിബാന് സൈനിക സഹായങ്ങള്‍ പാകിസ്ഥാന്‍ നല്‍കിയിരുന്നതായുളള ആരോപണങ്ങള്‍ ശക്തമായിരുന്നു. 2021ല്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് ശേഷം പാകിസ്ഥാനില്‍ പാക് താലിബാന്‍ ആക്രമണം ശക്തമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com