പത്തുദിവസം മാത്രം നാട്ടില്‍; സൗദിയില്‍ കാത്തിരുന്നത് മരണം, ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 09:35 PM  |  

Last Updated: 14th January 2023 09:35 PM  |   A+A-   |  

yusuf

യൂസുഫ്


 


റിയാദ്: സൗദിയില്‍ മിനി ട്രക്കും (ഡൈന) ട്രെയ്‌ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദ് - ദമ്മാം ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധരാത്രി 12ഓടെയുണ്ടായ അപകടത്തില്‍ മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്ററകലെയാണ് സംഭവം.

റിയാദില്‍ കെന്‍സ് എന്ന കമ്പനിയില്‍ ഡ്രൈവറായ യൂസുഫ് മിനി ട്രക്കില്‍ ദമ്മാമില്‍ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. യൂസുഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടില്‍ പോയത്. 10 ദിവസം നാട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അടുത്ത മാര്‍ച്ചില്‍ വീണ്ടും ലീവില്‍ നാട്ടില്‍ വരാമെന്ന് പറഞ്ഞിരുന്നു.

പിതാവ്: ബീരാന്‍. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടന്‍. മക്കള്‍: സന നസറിന്‍ (14), ഷഹല്‍ ഷാന്‍ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

ഈ വാര്‍ത്ത കൂടി വായിക്കൂ കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ