ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്; ഉത്തരവ് മറികടന്ന ചാനലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പാകിസ്ഥാന്‍

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ടിവി ചാനലുകളെ വിലക്കി പാകിസ്ഥാന്‍
ഇമ്രാന്‍ ഖാന്‍/എഎഫ്പി
ഇമ്രാന്‍ ഖാന്‍/എഎഫ്പി

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ടിവി ചാനലുകളെ വിലക്കി പാകിസ്ഥാന്‍. ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസിന്റെ നീക്കം പാളിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക്‌സ് മീഡിയ റെഗുലേറ്ററി അതോറിറ്റി, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിലക്ക് മറികടന്ന് പ്രസംഗം സംപ്രേഷണം ചെയ്ത എആര്‍വൈ ന്യൂസ് എന്ന ചാനലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയോട് ആഭിമുഖ്യമുള്ള ചാനല്‍ ആണ് എആര്‍വൈ. അതേസമയം, എട്ടുമണി കഴിഞ്ഞാണ് ഉത്തരവ് വന്നതെന്നും എല്ലാ ചാനലകുകളും 9 മണി ബുള്ളറ്റിനില്‍ ഇമ്രാന്റെ പ്രസംഗം കൊടിത്തുന്നു, തങ്ങളുടെ ചാനലിന്റെ ലൈസന്‍സ് മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും എആര്‍വൈ ചാനല്‍ അധികൃതര്‍ വ്യക്കമാക്കി. 

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ട് എന്നാണ് പാക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇമ്രാന്റെ പുതിയതും പഴയതുമായ ഒരു പ്രസംഗവും വാര്‍ത്താ സമ്മേളനങ്ങളും സംപ്രേഷണം ചെയ്യരുത്. നിര്‍ദേശം മറികടന്ന് സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്നും മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവില്‍ പറയുന്നു. 

കഴിഞ്ഞദിവസം, കോടതിയലക്ഷ്യത്തിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസ് നീക്കം പാളിയിരുന്നു. അറസ്റ്റ് ചെയ്യാനായി വന്‍ പൊലീസ് സന്നാഹം അദ്ദേഹത്തിന്റെ ലാഹോറിലുള്ള വസതിയില്‍ എത്തിയിരുന്നെങ്കിലും പിടിഐ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചു കൂടിയതിനാല്‍ അറസ്റ്റ് നടന്നില്ല. വീടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് ഇസ്ലാമാബാദ് പൊലീസ് പറഞ്ഞത്. 

എന്നാല്‍, ഇതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തതരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇമ്രാന്‍, ഐഎസ്‌ഐ തലവനും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. ഐഎസ്‌ഐ തലവന്‍ മനോരോഗിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com