'പ്രസിഡന്റിനെ വധിച്ച് അധികാരം പിടിച്ചെടുക്കണം'; വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ച് കയറ്റാന്‍ ശ്രമം, ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍, നാസി ആരാധകന്‍ 

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന്‍ പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ട്രക്ക്
ആക്രമണത്തിന് ഉപയോഗിച്ച ട്രക്ക്

മേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന്‍ പിടിയില്‍. പത്തൊന്‍പതുകാരനായ സായ് വാര്‍ഷിക് കണ്ടൂല എന്നയാളാണ് അറസ്റ്റിലായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. പ്രസിഡന്റിനെ വകവരുത്തി അധികാരം പിടിച്ചെടുക്കാനായിരുന്നു തന്റെ ശ്രമമെന്ന് ഇയാള്‍ പറഞ്ഞതായി യുഎസ് പാര്‍ക്ക് പൊലീസ് വ്യക്തമാക്കി. 

വാടകയ്‌ക്കെടുത്ത ട്രക്കാണ് വൈറ്റ് ഹൗസിന്റെ മുന്നിലെ സുരക്ഷാ ബാരിക്കേഡിലേക്ക് ഇയാള്‍ ഇടിച്ചു കയറ്റിയത്. വൈറ്റ് ഹൗസിന്റെ പ്രധാന ഗേറ്റുകള്‍ക്ക് ദൂരെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ, പ്രദേശത്തെ ഹേയ് ആദംസ് ഹോട്ടല്‍ ഒഴിപ്പിച്ചു. 

സെന്റ്. ലൂയിസില്‍ നിന്നും ഡള്ളസിലേക്ക് വിമാന മാര്‍ഗത്തിലെത്തിയ മിസോറി സ്വദേശിയായ സായ്, തിങ്കളാഴ്ച രാത്രിയാണ് ട്രക്ക് വാടകയ്ക്ക് എടുത്തത്. വൈറ്റ് ഹൗസിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് ട്രക്ക് ഓടിച്ചെത്തിയത്. 

രണ്ട് തവണ ബാരിക്കേഡ് ഇടിച്ച് മറിക്കാന്‍ ഇയാള്‍ ശ്രമിച്ചു. സംഭവ സ്ഥലം വളഞ്ഞ പൊലീസ്, അപ്പോള്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറുമാസമായി ആക്രമണം നടത്താനായി തന്‍ പദ്ധതിയിടുകയാണെന്ന് സായ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. 

തന്നെ എതിര്‍ത്തു നില്‍ക്കുന്ന ആരേയും കൊല്ലാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്ന് നാസി പാര്‍ട്ടിയുടെ ചിഹ്നമായിരുന്ന സ്വസ്തിക അടയാളപ്പെടുത്തിയ ഒരു കൊടിയും കണ്ടെത്തി. നാസികള്‍ക്ക് ഒരു വലിയ ചരിത്രമുണ്ടെന്നും താന്‍ നാസി ആരാധകനാണെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സായ് ശാന്തപ്രകൃതനായിരുന്നു, ഇത്തരത്തിലൊരു ആക്രമണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഇയാളുടെ ബന്ധുക്കളും കൂട്ടുകാരും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com