തുര്‍ക്കിയില്‍ എര്‍ദോഗന്‍ തന്നെ; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2023 10:02 AM  |  

Last Updated: 29th May 2023 10:02 AM  |   A+A-   |  

erdogan

തയ്യിപ് എർദോ​ഗൻ/ എഎൻഐ

 

അങ്കാറ: തുര്‍ക്കിയില്‍ തയ്യിപ് എര്‍ദോഗന്‍ പ്രസിഡന്റായി തുടരും. മൂന്നാം തവണയാണ് എര്‍ദോഗന്‍ പ്രസിഡന്റാകുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആറു പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായ കെമാല്‍ ക്ലിച്ച്‌ദെരോലിനെയാണ് എര്‍ദോഗന്‍ പരാജയപ്പെടുത്തിയത്. 

ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ എര്‍ദോഗന്‍ 52.14 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് പദവി ഉറപ്പിച്ചത്. ക്ലിച്ച്ദരോലിന് 47.86 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 99.43 ശതമാനം പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. 

പ്രധാനമന്ത്രിയായും പ്രസിഡന്റായും രണ്ടു പതിറ്റാണ്ടായി തുര്‍ക്കിയുടെ ഭരണാധിപനാണ് 69 കാരനായ തയ്യിപ് എര്‍ദോഗന്‍. മൂന്നാം വട്ടമാണ് എര്‍ദോഗന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2017 ലാണ് പ്രധാനമന്ത്രിപദം എടുത്തു കളഞ്ഞ് തുര്‍ക്കി പ്രസിഡന്റ് ഭരണത്തിലേക്ക് മാറിയത്. 

മെയ് 14 ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എർദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി  കമാൽ ക്ലിച്ചദരോലിന് 44.38 ശതമാനം വോട്ടുമാണ് അന്ന് നേടാൻ സാധിച്ചത്.  അടുത്ത അഞ്ച് വർഷം ഭരിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾ നൽ‌കിയെന്നും, ഏക വിജയി തുർക്കിയാണെന്നും പിന്തുണ നൽകിയവരെ അഭിസംബോധന ചെയ്തുകൊണ്ട് എർദോ​ഗൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടി ഇറാന്‍-താലിബാന്‍ സൈനികര്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ