ഇസ്രയേലിന് സൈനിക സഹായം നല്‍കാന്‍ യുഎസ്; കൊല്ലപ്പെട്ടവരില്‍ നിരവധി അമേരിക്കക്കാരും

ഹമാസുമായുള്ള യുദ്ധത്തിന്റെ സാഹചര്യത്തില്‍, ഇസ്രയേലിന് സൈനിക സഹായം നല്‍കാന്‍ അമേരിക്ക
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read

വാഷിങ്ടണ്‍: ഹമാസുമായുള്ള യുദ്ധത്തിന്റെ സാഹചര്യത്തില്‍, ഇസ്രയേലിന് സൈനിക സഹായം നല്‍കാന്‍ അമേരിക്ക. അധിക സാമ്പത്തിക സഹായവും നല്‍കുമെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു. എന്തെല്ലാം സഹായമാണ് നല്‍കുന്നതെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹമാസിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്താന്‍ പ്രസിഡന്റ് ബൈഡന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. 

ഹമാസ് ആക്രമണത്തില്‍, ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ നിരവധി അമേരിക്കക്കാരും ഉണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് യുഎസ് നീക്കം. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. 

അതേസമയം, ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഹമാസ് നിയന്ത്രണത്തിലാക്കിയെന്നും ഇവിടെയുള്ള കമാന്‍ഡര്‍മാര്‍ക്ക് വീണ്ടും ആയുധം എത്തിച്ചുനല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇവരെ തുരത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഗാസ മുനമ്പിനോട് ചേര്‍ന്ന് താമസിക്കുന്ന ഇസ്രയേലുകാരെ ഒഴിപ്പിച്ചു തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേല്‍ നീക്കം. ഇവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കും. നൂറോളം ഇസ്രയേലി സൈനികര്‍ ഹമാസിന്റെ പിടിലാണെന്നാണ് സൂചന. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 350 ആയി.

ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ഇസ്രയേല്‍ ബോംബാക്രമണം നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. യുദ്ധം ഒരു തോല്‍വിയാണ്, ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് വിശ്വാസികളോടും ഇരുരാജ്യങ്ങളോടും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com