ഫ്‌ലോറിഡയില്‍ 848 കോടിയുടെ ആഡംബര ബംഗ്ലാവ്; ട്രംപിന്റെ അയല്‍ക്കാരനാകാന്‍ ഇലോണ്‍ മസ്‌ക്
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അയല്‍ക്കാരനാകാന്‍ ഇലോണ്‍ മസ്‌ക്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ 100 ദശലക്ഷം ഡോളറിനു (848 കോടി രൂപ) മുകളില്‍ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കാന്‍ മസ്‌ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേള മുതല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പാം ബീച്ചിലുള്ള മാര്‍ എ ലാഗോ എസ്റ്റേറ്റില്‍ മസ്‌ക് അടിക്കടി സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണിതെന്നും അഭ്യൂഹങ്ങളുണ്ട്.
2021ല്‍ തന്റെ ഉടമസ്ഥതയിലുള്ള എല്ലാ വീടുകളും മസ്‌ക് വിറ്റിരുന്നു. പാം ബീച്ചിലെ പുതിയ ബംഗ്ലാവ് വാങ്ങിയശേഷം മസ്‌ക് ഇവിടേക്ക് താമസം മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
25 നിലകളില്‍ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഈ പെന്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 19000 ചതുരശ്ര അടിയാണ് ഈ ആഡംബര വസതിയുടെ വിസ്തീര്‍ണ്ണം. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും പാം ബീച്ചിന്റെയും കാഴ്ചകള്‍ ഇവിടെയിരുന്ന് ആസ്വദിക്കാം. അടുത്തിടെ അവധി ദിനങ്ങള്‍ ചെലവഴിക്കാനായി ട്രംപിന്റെ മാര്‍ എ ലാഗോ എസ്റ്റേറ്റില്‍ മസ്‌ക് തന്റെ മക്കള്‍ക്കൊപ്പം എത്തിയിരുന്നു. 11 മക്കള്‍ക്കും രണ്ടു ഭാര്യമാര്‍ക്കും താമസിക്കുന്നതിനായി ടെക്‌സസിലെ ഓസ്റ്റിനില്‍ 35 മില്യന്‍ ഡോളര്‍ (296 കോടി രൂപ) ചെലവഴിച്ച് ഒരു എസ്റ്റേറ്റ് മസ്‌ക് വാങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക