വാഷിങ്ടണ്‍: യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രൈനിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ യുക്രൈന്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല.
യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി മാസങ്ങള്‍ക്കു മുമ്പു തന്നെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് പദമൊഴിയാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനം. യുക്രൈന്‍ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് പുതിയ നീക്കം.
യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടെയാണ് യുഎസിന്റെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ്(എടിഎസിഎംഎസ് )എന്നറിയപ്പെടുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനിന് അനുമതി നല്‍കിയത് ഉത്തരകൊറിയന്‍ സൈനികരെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള റഷ്യയുടെ നീക്കത്തിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക