കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടിയുടെ അനുര കുമാര ദിസനായകെ മുന്നില്‍. ഇടത് ആശയങ്ങളിലൂന്നിയ ദിസനായകെയുടെ ജനത വിമുക്തി പെരമുനയ്ക്ക് ഇതുവരെ എണ്ണിയ വോട്ടുകളില്‍ 57 ശതമാനവും ലഭിച്ചു. ഇടക്കാല പ്രസിഡന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
വിക്രമസിംഗെ, ദിസനായകെ എന്നിവര്‍ക്ക് പുറമേ പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്സ തുടങ്ങി 38 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശ്രീലങ്കന്‍ ഗവേഷണ ഏജന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പോളിസി ഓഗസ്റ്റില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അനുരകുമാര ദിസനായകെയ്ക്കാണ് മുന്‍തൂക്കം ലഭിച്ചത്.
2022 ല്‍ ഗോട്ടബയ രാജപക്‌സെ സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ ദിസനായകയെക്ക് വലിയ സ്വാധീനമുണ്ട്. ദിസനായകെയുടെ ജനത വിമുക്തി പെരമുന അഴിമതി തുടച്ചുനീക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തീവ്ര ഇടതുപാര്‍ട്ടിയില്‍നിന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപം മാറിയ പാര്‍ട്ടിയാണ് ജനത വിമുക്തി പെരമുന.
അതേസമയം, രാജപക്‌സെമാരെ കൈവെടിഞ്ഞ പരമ്പരാഗത വോട്ടര്‍മാരുടെ വോട്ടും യുഎന്‍പിയുടെ വിഭജനത്തോടെ വിക്രമസിംഗെ പക്ഷത്തേക്കും പ്രേമദാസ പക്ഷത്തേക്കും ഭിന്നിച്ചുപോയ തമിഴ്, മുസ്ലിം വംശജരില്‍നിന്ന് ചോരുന്ന വോട്ടുകളും ദിസനായകെയ്ക്കാകും ഗുണം ചെയ്യുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെ രാജ്യമൊട്ടാകെയുള്ള 13,000 പോളിങ് സ്റ്റേഷനുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തുടനീളം സുരക്ഷാ സംവിധാനം ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2022ലുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സ്ഥാനഭ്രഷ്ടനായി രാജ്യം വിട്ടതിനു പിന്നാലെ പാര്‍ലമെന്റാണ് കാലാവധി പൂര്‍ത്തിയാക്കാനായി വിക്രമസിംഗെയെ പ്രസിഡന്റാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക