'ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കായി കൊണ്ടുവന്നത്, ലോകം മുഴുവന്‍ യുഎസില്‍ വന്ന് അടിയാനല്ല'

ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു.
'ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കായി കൊണ്ടുവന്നത്, ലോകം മുഴുവന്‍ യുഎസില്‍ വന്ന് അടിയാനല്ല'
Updated on

വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു.

അടിമകളുടെ മക്കള്‍ക്കു പൗരത്വം കിട്ടാനായിരുന്നു അങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവന്നത്. അതിന്‍റെ ഉദ്ദേശ്യം നല്ലതായിരുന്നു. താന്‍ അതിനെ നൂറു ശതമാനം അനുകൂലിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ അമേരിക്കയില്‍ വന്നടിയുന്ന സാഹചര്യമല്ല, ആ നിയമത്തിലൂടെ ഉദ്ദേശിച്ചത്. അത് അനുവദിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം തന്നെ ട്രംപ് ജന്മാവകാശ പൗരത്വം റദ്ദാക്കി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം.

എക്‌സിക്യൂട്ടീവ് ഉത്തരവനുസരിച്ച് ഫെബ്രുവരി 19ന് ശേഷം രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ഉണ്ടായിരിക്കില്ല. ഇതു പിന്നീട് ബില്‍ ആയി സെനറ്റില്‍ അവതരിപ്പിച്ചു. സെനറ്റര്‍മാരായ ലിന്‍ഡെ ഗ്രഹാം, ടെസ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജന്മാവകാശ പൗരത്വം ചൂഷണം ചെയ്യുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി.

2023ല്‍ അമേരിക്കയിലെത്തിയ 225000 മുതല്‍ 250000 വരെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ജന്മാവകാശ പൗരത്വം ലഭിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് സമ്പന്നരായ ദമ്പതികള്‍ രാജ്യത്തെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയാണെന്നും ആ കുഞ്ഞ് അമേരിക്കന്‍ പൗരനായാണ് വളരുന്നതെന്നും സെനറ്റര്‍ ഗ്രഹാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com