

വാഷിങ്ടണ്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ (Los Angeles) ആരംഭിച്ച പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. തലസ്ഥാന നഗരമായ ലൊസാഞ്ചലസില്‍ സംഘര്‍ഷം രൂക്ഷമായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലൊസാഞ്ചലസ് തെരുവുകള്‍ പലയിടത്തും യുദ്ധക്കളമായിമാറി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു.
സംഘര്‍ഷം നിയമന്ത്രിക്കാന്‍ അധികൃതര്‍ സൈന്യത്തെ ഉള്‍പ്പെടെ വിന്യസിക്കാന്‍ ആരംഭിച്ചതോടെ ലൊസാഞ്ചലസിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന കാഴ്ചയാണ് ഞായറാഴ് രാത്രി ഉണ്ടായത്. പാരാമൗണ്ട്, കോംപ്റ്റണ്‍ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ലൊസാഞ്ചലസിലെ ഫ്രീവേകള്‍ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചതോടെ നടപടി കര്‍ശനമാക്കുകയാണ് സുരക്ഷാസേന. പ്രതിഷേധക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു.
ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങളെ നേരിടാന്‍ ഇന്നലെ 2000 ഫെഡറല്‍ സേനാംഗങ്ങളെ നഗരത്തില്‍ നിയോഗിച്ചിരുന്നു. ഇതിന് പുറമെ സൈന്യത്തിന്റെ ഭാഗമായ മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നതായാണ് വിവരം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പ്രതികരണത്തിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി 500 മറൈനുകള്‍ സജ്ജമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. യു എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകള്‍ കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ്.
കാലിഫോര്‍ണിയ ഗവര്‍ണറോട് ആലോചിക്കാതെ ഫെഡറല്‍ സേനയെ നിയോഗിച്ച ട്രംപിന്റെ നടപടിയെ ചൊല്ലി രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് സൈനിക വിന്യാസത്തില്‍ പുതിയ തീരുമാനങ്ങള്‍ പുറത്തുവരുന്നത്. സൈന്യത്തെ വിന്യസിച്ചത് രാജ്യ സുരക്ഷയെ കരുതിയാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പ്രസിഡന്റിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭ്രാന്തന്‍ തീരുമാനമാണിതെന്നുമായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണറുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates