അബുദാബി: വിമാനയാത്രക്കാർക്ക് ഏറെ ഇഷ്ടം ഇത്തിഹാദ് എയര്‍വേസ് ആണോ? കമ്പനിയുടെ കണക്കുകൾ അങ്ങനെ ആണ് അവകാശപ്പെടുന്നത്. 2025ലെ ആദ്യ അഞ്ചുമാസം 84 ലക്ഷം പേരാണ് ഇത്തിഹാദിന്റെ വിമാനങ്ങളിൽ യാത്ര ചെയ്തത്. യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് ഇത്തിഹാദ് എയര്‍വേസ് ( Etihad Airways ) പുറത്തുവിട്ട ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ പറയുന്നു.
മെയ് മാസത്തെ മാത്രം കണക്കെടുത്താൽ 17 ലക്ഷം പേരാണ് ഇത്തിഹാദിലൂടെ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണം വൻ തോതിൽ കൂടിയതിയതിനെ തുടർന്ന് പുതിയ വിമാനങ്ങള്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. നിലവിൽ 100 വിമാനങ്ങളാണ് ഇത്തിഹാദിനുള്ളത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇനിയും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനിയുടെ ആലോചന.
പശ്ചിമേഷ്യയില്‍ അതിവേഗം വളരുന്ന എയര്‍ലൈന്‍ ഇത്തിഹാദ് ആണെന്നും അതിനുള്ള തെളിവാണ് യാത്രക്കാരുടെ ഈ വർദ്ധനവ് എന്നും ഇത്തിഹാദ് എയര്‍വേസ് സി ഇ ഒ അന്റനോല്ഡോ നെവസ് പറഞ്ഞു. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്തു കൂടുതൽ തൊഴിൽ അവസരങ്ങളും ഇത്തിഹാദ് എയര്‍വേസിൽ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ 1500ലേറെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. ഈ വര്‍ഷം ഇതുവരെ പുതുതായി 1685 പേർക്ക് കമ്പനി തൊഴിൽ നൽകി. ഇതിനു പുറമെ ആണ് മറ്റൊരു റിക്രൂട്മെന്റിനുള്ള നീക്കം നടത്തുന്നത്. പൈലറ്റ്, കാബിന് ക്രൂ, എന്‍ജിനീയർ എന്നീ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങളുണ്ടാകുക എന്നാണ് സൂചന.
12,000ത്തോളം ജീവനക്കാരാണ് നിലവിൽ ഇത്തിഹാദിനുള്ളത്. 2030ഓടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. ഇതോടെ നിലവിലെ ജീവനക്കാരുടെ എണ്ണവും ഇരട്ടിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവര്‍ഷം മാത്രം പുതുതായി 16 കേന്ദ്രങ്ങളിലേക്ക് കൂടി ഇത്തിഹാദ് സര്‍വീസ് ആരംഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates