

അബുദാബി : യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്കരണങ്ങൾ നടപ്പിലാക്കി തുടങ്ങി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കി കൊണ്ട് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
ഉച്ചയ്ക്ക് 12:30നും 3:00നും ഇടയിലാണ് താപനില ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുന്നത്. ഈ സമയത്ത് പുറംജോലികൾ ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം സെപ്റ്റംബർ 15 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.
തുടർച്ചയായ 21ാം വർഷമാണ് ഉച്ചസമയം ജോലി നിരോധനം യു എ ഇ (UAE) സർക്കാർ നടപ്പാക്കുന്നത്. വേനൽക്കാലത്ത് ചൂടുമായി ബന്ധപ്പെട്ട പരിക്കുകളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വലിയ പിഴയാണ് ചുമത്തുക . ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെയാകും കമ്പനികൾക്ക് ചുമത്തുന്ന പിഴ.
പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. നിയമത്തിന്റെ പ്രാധാന്യം തൊഴിലാളികളിലേക്കും തൊഴിലുടമകളിലേക്കും എത്തിക്കാനും പരിശോധനകൾ നടത്താനും മന്ത്രാലയം നടപടികൾ തുടങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates