അബുദാബി: ഡ്രോണ്‍ ഉപയോഗിച്ച് പാർസൽ വിതരണം ചെയ്യുന്ന രീതി വിജയകരമായി പരീക്ഷിച്ച് അബുദാബി. രാജ്യത്തുടനീളം സ്വയംനിയന്ത്രിത ചരക്കുനീക്കം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് അബുദാബി സർക്കാർ. അതിന്റെ ഭാഗമായി ആണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം പരീക്ഷിച്ചത്.
അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെ പിന്തുണയോടെ വ്യോമയാന സാങ്കേതികവിദ്യാ സ്ഥാപനമായ എല്‍ ഒ ഡി ഡി (LODD) യും ലോജിസ്റ്റിക്സ് ഹോള്‍ഡിങ് ഗ്രൂപ്പായ 7എക്സും ചേർന്നാണ് ഡ്രോൺ പരീക്ഷണം നടത്തിയത്.
ഖലീഫ സിറ്റിയിലെ പോസ്റ്റ് ഓഫിസിൽ നിന്ന് പാക്കേജ് സ്വീകരിച്ച ശേഷം സ്വയം നിയന്ത്രിത ഡ്രോൺ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുകയും സാധനം ഡെലിവറി ചെയ്യുന്ന പരീക്ഷണമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത്. ഇത് വിജയകരമായി പൂർത്തിയാക്കിയതോടെ വരും ദിവസങ്ങളിൽ തന്നെ ഒദ്യോഗികമായി തന്നെ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിലൂടെ ഡെലിവറി സമയവും ചെലവും കുറയ്ക്കാനും വളരെ വേഗം കൂടുതൽ പേർക്ക് സേവനം എത്തിക്കാൻ സാധിക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു. പറക്കും ടാക്സികളുടെ പരീക്ഷണവും ഈ വർഷം അബുദാബിയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വർഷാവസാനത്തോടെ പറക്കും ടാക്സി സേവനം അബുദാബിയിൽ ആരംഭിക്കാനാണ് പദ്ധതി.
കഴിഞ്ഞ വർഷം തന്നെ ദുബൈയിൽ ഡ്രോൺ സേവനം ആരംഭിച്ചിരുന്നു. ദുബൈ സിലിക്കൺ ഒയാസിസിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന കീറ്റ ഡ്രോണിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസും നൽകിയിരുന്നു. ഡ്രോണുകൾ, ഡ്രൈവറില്ലാ ടാക്സികൾ, എയർ ടാക്സികൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ പദ്ധതികളാണ് ദുബൈയിൽ ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
Abu Dhabi conducts first parcel delivery trial by drone in Abu Dhabi's Khalifa City with the support of ADIO (Abu Dhabi Investment Office)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates