

ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ നികുതി ചുമത്തിയ ഡോണൾഡ് ട്രംപിന്റെ (Donald Trump) നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. അപ്പീൽ കോടതിയാണ് ട്രംപിന് ആശ്വസമേകുന്ന വിധി ഒരു ദിവസത്തിനുള്ളിൽ പുറപ്പെടുവിച്ചത്. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കി വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന, യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് നടപടിക്കെതിരെ വിധി പുറപ്പെടുവിച്ചത്. എന്നാൽ അപ്പീൽ കോടതി അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിനു അനുമതി നൽകി.
വീഞ്ഞ് ഇറക്കുമതി ചെയ്യുന്ന വിഒഎസ് സെലക്ഷനുൾപ്പെടെയുള്ള ചെറുകിട കമ്പികൾക്കു വേണ്ടി ലിബർട്ടി ജസ്റ്റിസ് സെന്റർ നൽകിയ കേസിലാണ് നേരത്തെ ട്രംപിനെതിരെ വിധി വന്നത്. എന്നാൽ ഈ വിധി മരവിപ്പിക്കേണ്ടത് രാജ്യ സുരക്ഷയ്ക്കു അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്. സാമ്പത്തികമായി അനിവാര്യമായ തീരുമാനമായിരുന്നു അതെന്നും, അത് തടയാൻ ജഡ്ജിമാർക്ക് അധികാരമില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
10 ദിവസത്തിനുള്ളിൽ നികുതി ചുമത്തിയ നടപടി പിൻവലിക്കണമെന്നു കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് ആവശ്യപ്പെട്ടിരുന്നു. യുഎസ് കോൺഗ്രസിന്റെ അനുമതി ഇല്ലാതെ മറ്റു രാജ്യങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏർപ്പെടുത്തിയ നടപടി തടയുകയായിരുന്നു. എന്നാൽ ഇതിനാണ് ഇപ്പോൾ അപ്പീൽ കോടതി സ്റ്റേ നൽകിയിരിക്കുന്നത്.
നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും കോടതി വിമർശിച്ചിരുന്നു. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം പ്രസിഡന്റ് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക പ്രശ്‌നങ്ങളിൽ സ്വതന്ത്രമായി നടപടിയെടുക്കാൻ അനുവദിക്കുന്ന 1977-ലെ ഇന്റർനാഷണൽ എക്കണോമിക് പവേർസ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങൾക്ക് നികുതി ചുമത്തിയത്. യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപിന്റെ നടപടി. എന്നാൽ, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
ട്രംപിന്റെ നികുതി ചുമത്തൽ അന്താരാഷ്ട്ര പ്രശ്‌നമായി മാറിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആണ് ലോകത്ത് വ്യാപാര അനിശ്ചിതത്വം നിറച്ച ട്രംപിന്റെ നികുതി പ്രഖ്യാപനം വന്നത്. യുഎസുമായി വ്യാപാരമുള്ള രാജ്യങ്ങൾക്കെല്ലാം ട്രംപ് നികുതി ചുമത്തി. ഇതിനെതിരെ ചൈന പകരച്ചുങ്കം ഏർപ്പെടുത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates