അർധ സെഞ്ച്വറിയുമായി രോഹിതും; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു
അർധ സെഞ്ച്വറിയുമായി രോഹിതും; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
Updated on: 
1 min read

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. സെഞ്ച്വറി നേടി ചേതേശ്വർ പൂജാരയും 82 റൺസെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പണിത അടിത്തറയിൽ നിന്ന് അർധ സെഞ്ച്വറിയുമായി രോഹിത് ശർമ തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ 400 കടന്നു. നിലവിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 410 റൺസെന്ന നിലയിലാണ്. 

കരിയറിലെ പത്താം ടെസ്റ്റ് അർധ ശതകമാണ് രോഹിത് മെൽബണിൽ സ്വന്തമാക്കിയത്. താരം 97 പന്തിൽ 50 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 23 റൺസുമായി റിഷഭ് പന്താണ് രോഹിതിന് കൂട്ടായി ക്രീസിലുള്ളത്. 

പൂജാര 106 റൺസുമായും കോഹ്‌ലി 82 റൺസുമായും മടങ്ങി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 170 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ അജിൻക്യ രഹാനെയും രോഹിത് ശർമയും ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോയി. രഹാനെ നിലയുറപ്പിച്ച് വരുന്നതിനിടെ മടങ്ങേണ്ടി വന്നു. വ്യക്തി​ഗത സ്കോർ 34ൽ നിൽക്കെ രഹാനെയെ നതാൻ ലിയോൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 

319 പന്തുകൾ നേരിട്ട് 10 ഫോറുകളുമായാണ് പൂജാര 106 റൺസെടുത്തത്. കരിയറിലെ 17ാം ടെസ്റ്റ് ശതകം പിന്നിട്ട പൂജാര സെഞ്ച്വറി നേട്ടത്തില്‍ വിവിഎസ് ലക്ഷ്മണിന്റെ റെക്കോഡിനൊപ്പമെത്തി.  ഓസീസ് പര്യടനത്തിലെ പൂജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. 

204 പന്തുകൾ നേരിട്ട് ഒൻപത് ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി 82 റൺസെടുത്ത് പുറത്തായത്. 20-ാം അര്‍ധ സെഞ്ച്വറിയാണ് കോഹ്‌ലി മെല്‍ബണില്‍ കുറിച്ചത്. 

പൂജാരയെ പാറ്റ് കമ്മിൻസും കോഹ്‌ലിയെ സ്റ്റാർക്കുമാണ് മടക്കിയത്. കമ്മിൻസിന് ഇതോടെ മൂന്ന് വിക്കറ്റുകളായി. ഓസീസ് ബൗളര്‍മാരില്‍ നഥാന്‍ ലിയോണിനെ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് ഇന്ത്യ ഒന്നാം ദിനം സ്വീകരിച്ചത്. ലിയോണില്‍ നിന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താരതമ്യേന കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഇന്നലെ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അ​ഗർവാളും അർധ സെഞ്ച്വറി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com