കൊളംബോ: ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായി കഴിഞ്ഞ ദിവസം മുൻ ശ്രീലങ്കൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലിൽ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയർന്ന സാഹചര്യത്തിലാണ് കായിക മന്ത്രി ഡാലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്. 2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് മഹിന്ദാനന്ദയായിരുന്നു ശ്രീലങ്കൻ കായിക മന്ത്രി.
കായിക മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെഎഡിഎസ് റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കായിക മന്ത്രാലയത്തിന്റെ വിജിലൻസ് വിഭാഗമാകും കേസ് അന്വേഷിക്കുക. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി വെളിപ്പെടുത്തി റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
1996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ അർജുന രണതുംഗയും ഫൈനലിനു പിന്നാലെ തന്നെ ഒത്തുകളി ആരോപണം ഉയർത്തിയിരുന്നു. ഫൈനൽ നടക്കുമ്പോൾ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു. വാംഖഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാൻ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സെയ്‌ക്കൊപ്പം മഹിന്ദാനന്ദയ്ക്കും ക്ഷണമുണ്ടായിരുന്നു. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് നിലവിൽ ഊർജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു.
ഏതെങ്കിലും കളിക്കാർ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 275 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എംഎസ് ധോണി മികവിലാണു കിരീടത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates