

ധാക്ക: ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് വെളിച്ചക്കുറവിനെ തുടർന്നു മൂന്നാം ദിനത്തിലും നിർത്തി വച്ചു. നിലവിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിൽ. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 172 റൺസിനു പുറത്തായപ്പോൾ ന്യൂസിലൻഡ് 180 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. അവർക്ക് എട്ട് റൺസ് ലീഡുണ്ടായിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ബംഗ്ലാദേശിനു 30 റൺസ് ലീഡ്.
16 റൺസുമായി ഓപ്പണർ സാകിർ ഹസനും റണ്ണൊന്നുമെടുക്കാതെ മൊമിനുൽ ഹഖുമാണ് ക്രീസിൽ. രണ്ട് റൺസെടുത്ത മഹ്മദുൽ ഹസൻ ജോയ്, 15 റൺസെടുത്ത നജ്മൽ ഹുസൻ ഷാന്റോ എന്നിവരാണ് പുറത്തായത്. അജാസ് പട്ടേൽ, ക്യാപ്റ്റൻ ടിം സൗത്തി എന്നിവർ വീണ രണ്ട് വിക്കറ്റുകൾ പങ്കിട്ടു.
ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മഴയും വെളിച്ചക്കുറവുമാണ് വിനയായത്. രണ്ടാം ടെസ്റ്റിലും തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിക്കാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റിന് 55 റൺസെന്ന നിലയിൽ തകരുകയായിരുന്നു. ടോം ലാതം (4), ഡെവോൺ കോൺവെ (11), കെയ്ൻ വില്ല്യംസൻ (13), ഹെന്റി നിക്കോൾസ് (1), ടോം ബ്ലെൻഡൽ (0) എന്നിവരാണ് ആദ്യ ദിനം തന്നെ കൂടാരം കയറി.
മൂന്നാം ദിനത്തിൽ 72 പന്തിൽ 87 റൺസുമായി ഒറ്റയ്ക്ക് പൊരുതിയ ഗ്ലെൻ ഫിലിപ്സിന്റെ അവിശ്വസനീയ ഇന്നിങ്‌സാണ് 100പോലും കടക്കുമോ എന്നു സംശയിച്ച സ്‌കോർ 180ൽ എത്തിച്ചത്. എട്ട് റൺസിന്റെ നേരിയ ലീഡും അവർക്കു സമാനിക്കാൻ ഫിലിപ്‌സിനു സാധിച്ചു. താരം ഒൻപത് ഫോറും നാല് സിക്‌സും പറത്തി.
ഡാരിൽ മിച്ചൽ (18), മിച്ചൽ സാന്റ്‌നർ (1), കെയ്ൽജാമിസൻ (20), ടിം സൗത്തി (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അജാസ് പട്ടേൽ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മെഹിദി ഹസൻ മിരസ്, തയ്ജുൽ ഇസ്ലാം എന്നിവരുടെ മികച്ച ബൗളിങാണ് ന്യൂസിലൻഡിന്റെ കണക്കു കൂട്ടൽ അമ്പെ തകർത്തത്. ഷൊരിഫുൾ ഇസ്ലാം, നയീം ഹസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി മികവ് കാണിച്ചതോടെ കിവികൾക്കും 200 കടക്കാൻ സാധിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സിൽ 172 റൺസിൽ എല്ലാവരും പുറത്തായി. മുഷ്ഫിഖർ റഹീമാണ് ടോപ് സ്‌കോറർ. താരം 35 റൺസെടുത്തു. വിചിത്ര രീതിയിലാണ് മുഷ്ഫിഖർ പുറത്തേക്കുള്ള വഴി കണ്ടത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യവേയായിരുന്നു താരത്തിന്റെ മടക്കം.
ഷഹദത്ത് ഹുസൈൻ 31 റൺസെടുത്തു. മെഹിദി ഹസൻ 20 റൺസും എടുത്തു. 13 റൺസുമായി നയീം ഹസൻ പുറത്താകാതെ നിന്നു. അവസാന എത്തിയ ഷൊരിഫുൾ ഇസ്ലാം പത്ത് റൺസുമായി മടങ്ങി.
മിച്ചൽ സാന്റനർ, ഗ്ലെൻ ഫിലിപ്‌സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് പോകാതെ പിടിച്ചു നിർത്തി. അജാസ് പട്ടേൽ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും എടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates