

ഐപിഎല്‍ 2027 താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. അതേസമയം, മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ലേലത്തിനില്ല. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളില്‍ ചിലരാണ് ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അണ്ടര്‍ 19 ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ആര്യവീര്‍ സെവാഗ് 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് 19കാരനായ ആര്യവീര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 90.25 ശരാശരിയില്‍ 361 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് ഫൈനലിലും ആര്യവീര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 61 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഒരു വിക്കറ്റിന് പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസ് ഓള്‍റൗണ്ടര്‍ മോഹിത് ഉല്‍വയും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപയാണ് മോഹിതിന്റെയും അടിസ്ഥാന വില. ഫൈനലില്‍ പുറത്താകാതെ 49 റണ്‍സ് നേടിയ മോഹിതിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
അതേസമയം, ഇന്ത്യയുടെ അണ്ടര്‍ 19 ഏഷ്യാ കപ്പ് ടീമിന്റെ നായകന്‍ ലക്ഷ്യ റായ്ചന്ദാനിയും ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫൈനലില്‍ മികവ് കാട്ടിയ മനാല്‍ ചൗഹാനും പട്ടികയിലില്ല. ടീമിലെ മറ്റൊരു താരമായ കാവ്യ പട്ടേല്‍ ലേലത്തിനായി പേര് നല്‍കിയിട്ടുണ്ട്.
പ്രമുഖ വിദേശ താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഇതില്‍ പ്രധാനി. രണ്ട് കോടി രൂപയാണ് വാര്‍ണറുടെ അടിസ്ഥാന വില. ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ താരം നിഖില്‍ ചൗധരിയും ഇംഗ്ലണ്ട് പേസര്‍ സോണി ബേക്കറും ലേലപട്ടികയിലുണ്ട്.
ഇംഗ്ലണ്ട് മുന്‍ നായകന്‍ ബെന്‍ സ്റ്റോക്‌സും രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ബ്രിട്ടീഷ് പൗരത്വം നേടിയതിനാല്‍ ഇംഗ്ലണ്ട് താരമായി ലേലത്തില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വഴി താരം പേര് നല്‍കിയിട്ടില്ല. ഓസ്‌ട്രേലിയന്‍ പേസര്‍ ജെയ് റിച്ചാഡ്‌സന്‍ ഐപിഎല്‍ 2027 സീസണിലെ പകുതി മത്സരങ്ങളില്‍ മാത്രമേ ലഭ്യമാകൂ. രണ്ട് കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
അതേസമയം, ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌കോട്ട് ബോളണ്ട് ലേലത്തില്‍ നിന്ന് പേര് പിന്‍വലിച്ചിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും ട്രാവിസ് ഹെഡും ഐപിഎല്‍ 2027 സീസണില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു. ഡിസംബര്‍ 16ന് ഗോവയിലാണ് ഐപിഎല്‍ 2027 താരലേലം നടക്കുക. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കും. 1,220 പേരില്‍ നിന്ന് അന്തിമ പട്ടികയില്‍ ഇടംനേടുന്ന താരങ്ങള്‍ക്കു മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാകൂ. ചുരുക്കപ്പട്ടിക ഡിസംബർ 1ന് പ്രസിദ്ധീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates