

ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി വന്‍ താരക്കൈമാറ്റവുമായി ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും. നാല് താരങ്ങള്‍ ഉള്‍പ്പെടുന്ന കൈമാറ്റക്കരാര്‍ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജാക്ക് എഡ്വേര്‍ഡ്സും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാകും. പകരം ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദും ഓസ്ട്രേലിയന്‍ പേസര്‍ നഥാന്‍ എല്ലിസും സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് മാറും.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കം ലിയാം ലിവിങ്സ്റ്റണിന്റേതാണ്. കഴിഞ്ഞ ലേലത്തില്‍ 13 കോടി രൂപയ്ക്കാണ് താരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തുമ്പോള്‍ താരത്തിന്റെ പ്രതിഫലം ആറു കോടി രൂപയായി കുറയും. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ ലിവിങ്സ്റ്റണിന് ഐപിഎല്‍ 2026 സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ കളിച്ച താരം ആകെ നേടിയത് 15 റണ്‍സാണ്.
ഓസ്ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടറായ ജാക്ക് എഡ്വേര്‍ഡ്സും ചെന്നൈയിലെത്തും. നിലവിലെ മൂന്നു കോടി രൂപ പ്രതിഫലത്തിലാണ് താരത്തിന്റെ കൈമാറ്റം. ഓസ്ട്രേലിയക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പാണ് സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും കളിക്കാനായില്ല.
അതേസമയം, ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് പഴയ തട്ടകമായ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തുകയാണ്. 4.8 കോടി രൂപയാണ് താരത്തിന്റെ നിലവിലെ പ്രതിഫലം. 2018 മുതല്‍ 2021 വരെ സണ്‍റൈസേഴ്സിന്റെ ഭാഗമായിരുന്നു ഖലീല്‍. 2025 സീസണില്‍ ചെന്നൈയ്ക്കായി 14 മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ വലതുകാലിലെ ക്വാഡ്രിസെപ്‌സ് പരുക്കിനെത്തുടര്‍ന്ന് 2026 സീസണില്‍ അഞ്ച് മത്സരങ്ങള്‍ക്കുശേഷം പുറത്താകേണ്ടിവന്നു.
ഓസ്ട്രേലിയന്‍ പേസര്‍ നഥാന്‍ എല്ലിസാണ് സണ്‍റൈസേഴ്സിലെത്തുന്ന മറ്റൊരു താരം. നിലവിലെ രണ്ടു കോടി രൂപ പ്രതിഫലത്തിലാണ് കൈമാറ്റം. ഹാംസ്ട്രിങ് പരുക്കിനെത്തുടര്‍ന്ന് ഐപിഎല്‍ 2026 സീസണില്‍ താരത്തിനും കളിക്കാനായിരുന്നില്ല. ഡെത്ത് ഓവറുകളിലെ ബൗളിങ് മികവും വ്യത്യസ്തമായ ബൗളിങ് ശൈലിയും എല്ലിസിനെ ടീമിന് മുതല്‍ക്കൂട്ടാക്കുമെന്നാണ് പ്രതീക്ഷ. നാല് താരങ്ങളുടെ കൈമാറ്റത്തിലൂടെ ചെന്നൈ ബാറ്റിങ് നിരയില്‍ കൂടുതല്‍ ഓള്‍റൗണ്ട് മികവ് ഉറപ്പാക്കുമ്പോള്‍ പേസ് ബൗളിങ് വിഭാഗം ശക്തിപ്പെടുത്താനാണ് ഹൈദരാബാദിന്റെ നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates