

ലണ്ടൻ: പാകിസ്ഥാൻ ചാംപ്യൻസിനെ തകർത്തെറിഞ്ഞ് ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക ചാംപ്യൻസ് സ്വന്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സെമി ഫൈനൽ കളിക്കാൻ ബഹിഷ്കരിച്ചതോടെ കളിക്കാതെ തന്നെ ഫൈനലിലെത്തിയ പാകിസ്ഥാനെ പക്ഷേ ദക്ഷിണാഫ്രിക്ക നിലം തൊടീക്കാതെ പറത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസടിച്ചു. ദക്ഷിണാഫ്രിക്ക മാരക ബാറ്റിങുമായി കളം വാണ് വെറും 16.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 197 റൺസ് അടിച്ചെടുത്തു വിജയം പിടിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം, കിരീടം.
ഇതിഹാസ താരം എബി ഡിവില്ല്യേഴ്സ് 60 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്നു വിജയം അതിവേഗത്തിലാക്കി. താരം 7 സിക്സും 12 ഫോറും പറത്തി. ഒപ്പം ജീൻ പോൾ ഡുമിനിയും കൊണ്ടുപിടിച്ചതോടെ പാകിസ്ഥാൻ ഹതാശരായി നിന്നു. ഡുമിനി 28 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 50 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടൂർണമെന്റിൽ ഡിവില്ല്യേഴ്സ് നേടുന്ന മൂന്നാം സെഞ്ച്വറി കൂടിയാണിത്. ഓപ്പണർ ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. താരം 14 പന്തിൽ 18 റൺസെടുത്തു മടങ്ങി. ജയം തൊടുമ്പോൾ 19 പന്തുകൾ ശേഷിക്കുന്നുണ്ടായിരുന്നു. തീർത്തും ഏകപക്ഷീയമായ ജയമാണ് ദക്ഷിണാഫ്രിക്ക ചാംപ്യൻമാർ സ്വന്തമാക്കിയത്.
ഓപ്പണിങിൽ അംല- ഡിവില്ല്യേഴ്സ് സഖ്യം 36 പന്തിൽ 72 റൺസ് ചേർത്താണ് പിരിഞ്ഞത്. പിരിയാത്ത രണ്ടാം വിക്കറ്റിൽ പിന്നീട് ഡിവില്ല്യേഴ്സ്- ഡുമിനി സഖ്യം 65 പന്തിൽ 125 റൺസ് അടിച്ച് പാകിസ്ഥാനെ തുരത്തിയാണ് കിരീടം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ഓപ്പണർ ഷർജീൽ ഖാൻ 44 പന്തിൽ 9 ഫോറും 4 സിക്സും സഹിതം 76 റൺസടിച്ച് മികച്ച തുടക്കം നൽകി. 19 പന്തിൽ 36 അടിച്ച ഉമർ അമീൻ, 15 പന്തിൽ 28 റൺസെടുത്ത ആസിഫ് അലി, ഷൊയ്ബ് മാലിക് (20), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് (17) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates