

റാവല്‍പിണ്ടി: നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അന്താരാഷ്ട്ര മത്സരത്തില്‍ ഒരു സെഞ്ച്വറി നേടി. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടീമിനു ജയം സമ്മാനിച്ചാണ് താരത്തിന്റെ സെഞ്ച്വറി. 119 പന്തുകള്‍ നേരിട്ട് ബാബര്‍ 102 റണ്‍സ് കണ്ടെത്തി പുറത്താകാതെ നിന്നു. ശ്രീലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട ടോട്ടല്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്നു ജയിച്ചത് ബാബറിന്റെ സെഞ്ച്വറിക്കരുത്തില്‍.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. പാകിസ്ഥാന്‍ 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 289 റണ്‍സ് കണ്ടെത്തി. പാകിസ്ഥാന് എട്ട് വിക്കറ്റ് ജയം.
8 ഫോറുകള്‍ അടങ്ങുന്നതായി ബാബറിന്റെ ഇന്നിങ്‌സ്. 2023ല്‍ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. പിന്നീട് 800 ദിവസത്തിനു മുകളിലായി മൂന്ന് ഫോര്‍മാറ്റിലുമായി ബാബര്‍ 83 മത്സരങ്ങള്‍ കളിച്ചു. ഒടുവില്‍ 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി നേട്ടം. നേരത്തെ 83 മത്സരങ്ങളിൽ സെഞ്ച്വറിയില്ലാതെ നിന്ന ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‍ലിയുടെ റെക്കോർഡിനൊപ്പം ബാബർ എത്തിയിരുന്നു. കോഹ്‍ലി 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി ഇല്ലായ്മയ്ക്ക് വിരാമം ഇട്ടതെങ്കിൽ സമാനമാണ് ബാബറിന്റേയും സ്ഥിതി. താരവും 84ാം ഇന്നിങ്സിലാണ് സെഞ്ച്വറി അടിച്ചത്.
ഇടവേളയ്ക്കു ശേഷമുള്ള സെഞ്ച്വറി നേട്ടം ബാബര്‍ ഒരു റെക്കോര്‍ഡിനൊപ്പമെത്തിയാണ് ആഘോഷിച്ചത്. പാകിസ്ഥാനു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഇതിഹാസം സയീദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പം ബാബര്‍ എത്തി. ഇരുവര്‍ക്കും 20 സെഞ്ച്വറികള്‍. ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ബാബറിനു ഒരു സെഞ്ച്വറി കൂടി മതി. ഈ ഫോം തുടര്‍ന്നാല്‍ ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് തിരുത്താം.
ബാബറിന്റെ സെഞ്ച്വറിക്കു പുറമേ ഫഖര്‍ സമാന്‍ (78), മുഹമ്മദ് റിസ്വാന്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും ജയത്തില്‍ നിര്‍ണായകമായി. സയം ആയൂബ് 33 റണ്‍സെടുത്തു. കളി ജയിക്കുമ്പോള്‍ ബാബറിനൊപ്പം റിസ്വാനും പുറത്താകാതെ ക്രീസില്‍ നിന്നു. പാകിസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകളും ലങ്കയുടെ ദുഷ്മന്ത ചമീര സ്വന്തമാക്കി.
നേരത്തെ ജനിത് ലിയനാഗെയുടെ അര്‍ധ സെഞ്ച്വറിയും സദീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരുടെ അവസരോചിത ചെറുത്തു നില്‍പ്പുമാണ് ലങ്കന്‍ സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. പതും നിസ്സങ്ക, കാമില്‍ മിശ്ര എന്നിവരും 20 പ്ലസ് സ്‌കോറുകള്‍ നേടി. ലിയനാഗെ 54 റണ്‍സെടുത്തു. കാമിന്ദു മെന്‍ഡിസ് (44), സമീര (42), ഹസരങ്ക (37), കാമില്‍ മിശ്ര (27), നിസ്സങ്ക (24), കുശാല്‍ മെന്‍ഡിസ് (20) എന്നിവരാണ് ചെറുത്തു നിന്നത്.
പാകിസ്ഥാനായി ഹാരിസ് റൗഫ്, അബ്രാര്‍ അഹമദ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് വാസിം ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates