

മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ രാഷ്ട്രീയ, കായിക, സിനിമ, വ്യവസായ രംഗത്തെ പ്രമുഖര്‍ എത്തി.
തെക്കന്‍ മുംബൈയിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവിധ മേഖലകളിലെ പ്രശസ്തരും വധൂവരന്‍മാര്‍ക്ക് ആശംസ നേരാനെത്തി.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഭാര്യ നടാഷ ജെയ്‌നുമൊത്ത് അതിനിടെ ചടങ്ങില്‍ സംബന്ധിക്കാനെത്തിയത് ശ്രദ്ധേയമായി.
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഭാര്യ സാക്ഷി ധോനി, ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍, മുന്‍ ഇന്ത്യന്‍ കോച്ചും നായകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവരും ചടങ്ങിനെത്തി.
യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, പൃഥ്വി ഷാ, പാര്‍ഥിവ് പട്ടേല്‍, ഐസിസി ചെയര്‍മാന്‍ ജയ്ഷാ, ഇന്ത്യ ചീഫ് സെലക്ടര്‍ അജിത് ആഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ് അടക്കമുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു.
സിനിമാ താരങ്ങളായ അഭിഷേക് ബച്ചന്‍, ഭാര്യയും നടിയുമായ ഐശ്വര്യ റായ്, നടന്‍ അശുതോഷ് ഗൗരികര്‍, മഹാരാഷ്ട്ര മന്ത്രി ആഷിഷ് ഷെലാര്‍, മുകേഷ് അംബാനി, നിത അംബാനി അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തി.
ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍.
മുംബൈയിലെ ഏറ്റവും കരുത്തുറ്റ ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates