

നഗോയ: വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും. രാവിലെ 10.30ലാണ് ടി20 ക്രിക്കറ്റ് ഫൈനല്‍. എതിരാളികള്‍ ശ്രീലങ്ക. ദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ- ശ്രീലങ്ക വനിതകള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ലങ്കയെ വീഴ്ത്തി എട്ടാം കിരീടം ഉയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍.
സമീപകാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ വനിതാ സംഘം. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും കത്തും മികവിലാണ് ബാറ്റ് വീശുന്നത്. സ്പിന്നര്‍മാരും എതിരാളികളെ വെള്ളം കുടിപ്പിക്കുന്നു. ദീപ്തി ശര്‍മ, ശ്രീചരണി, പ്രേമ റാവത്ത് ത്രയമാണ് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
സെമിയില്‍ ഷെഫാലി വര്‍മ കന്നി സെഞ്ച്വറി നേടിയതിന്റെ ബലത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്താണ് ഫൈനലിലേക്ക് മുന്നേറിയത്. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഒരു താരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. സ്മൃതി മന്ധാന സെമിയില്‍ 19 പന്തില്‍ 37 റണ്‍സടിച്ച് വനിതാ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
സെമിയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി. താരം ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് അധിക കരുത്താണ്. റിച്ച ഘോഷ് ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഏക കാര്യം.
ശ്രീലങ്ക അവരുടെ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ ഓള്‍റൗണ്ട് മികവിലാണ് പ്രതീക്ഷ വയ്ക്കുന്നത്. സെമിയില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ലങ്കന്‍ വനിതകള്‍ കലാശപ്പോരിനെത്തുന്നത്. മത്സരത്തില്‍ ചമരി അട്ടപ്പട്ടു കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹരി എന്നിവരുടെ ഫോമും ബാറ്റിങില്‍ അവര്‍ക്ക് നിര്‍ണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates