

കാന്‍ബറ: ഓസ്‌ട്രേലിയ വനിതാ ടീമിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 19 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നില. അവസാന പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകം.
രണ്ടാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യയുടെ വാലറ്റം പൂര്‍ണമായി പരാജയപ്പെട്ടത് ബാറ്റിങില്‍ തിരിച്ചടിയായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (31), ഷെഫാലി വര്‍മ (29), റിച്ച ഘോഷ് (19) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.
ഓസീസ് വനിതകള്‍ക്കായി അഷ്‌ലി ഗാര്‍ഡ്‌നര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനെക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓപ്പണര്‍ ജോര്‍ജിയ വോള്‍ നേടി അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. സഹ ഓപ്പണര്‍ ബെത് മൂണി വോളിനെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയ ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 128 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ പിന്നീട് സ്‌കോറിങ് പിടിച്ചു നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു സാധിച്ചു.
ജോര്‍ജിയ വോള്‍ 57 പന്തില്‍ 88 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. ബെത് മൂണി 39 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 2 വിക്കറ്റെടുത്തു. രേണുക സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates