

കൊളംബോ: ഇന്ത്യയുടെ കിടിലൻ ബാറ്റിങും ഇടക്കിടെ മഴ തടസപ്പെടുത്തുകയും ചെയ്ത ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വിവാദവും. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. പിന്നാലെ ശ്രീലങ്ക ഒന്നാം ഇന്നിങ്സ് ബാറ്റിങും തുടങ്ങി. രണ്ട് പന്തുകൾ മാത്രം എറിഞ്ഞതിനു പിന്നാലെ മഴ പെയ്തു. ഇതോടെ കളി നിർത്തി. പിന്നീട് മഴ മാറി വീണ്ടും ലങ്കൻ ബാറ്റിങ് പുനരാരംഭിച്ചു. ലങ്കയ്ക്ക് തുടരെ രണ്ട് വിക്കറ്റുകളും നഷ്ടമായി. 8 റൺസിനിടെ 2 വിക്കറ്റ് നഷ്ടമെന്ന നിലയിലാണ് രണ്ടാം ദിനം ആതിഥേയർ കളം വിട്ടത്.
അതേസമയം മൂന്നാം സെഷന്റെ അവസാനം വെളിച്ചം കുറവായിട്ടും മത്സരം തുടരാൻ അംപയർമാർ തീരുമാനിച്ചെന്ന ആരോപണമാണ് വിവാദത്തിനു തിരികൊളുത്തിയത്. ഇതിനെതിരെ ശ്രീലങ്കൻ ടീം രംഗത്തെത്തുകയും ചെയ്തു. മൂന്നാം സെഷന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യ, ഒന്നാം ഇന്നിങ്സ് 9ന് 503 എന്ന നിലയിൽ ഡിക്ലയർ ചെയ്തത്. തൊട്ടുപിന്നാലെ ശ്രീലങ്ക ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തു. എന്നാൽ ആദ്യ രണ്ട് പന്തുകൾ എറിഞ്ഞപ്പോൾ തന്നെ മഴ പെയ്തതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.
ചെറിയ മഴയായിരുന്നതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ തന്നെ തുടർന്നു. അൽപസമയത്തിനകം മഴ മാറിയതോടെ കളി പുനരാരംഭിക്കാൻ അംപയർമാർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ലാഹിരു ഉദാരയെ (6 പന്തിൽ 1) ലങ്കയ്ക്കു നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ, സ്ലിപ്പിൽ നിന്ന യശസ്വി ജയ്‌സ്വാളാണ് ഉദാരയെ കൈയിൽ ഒതുക്കിയത്.
തൊട്ടടുത്ത ഓവറിൽ രാത്രി കാവൽക്കാരനായി വന്ന പ്രഭാത് ജയസൂര്യയെയും (2 പന്തിൽ 7) ലങ്കയ്ക്ക് നഷ്ടമായി. താരത്തെ മാനവ് സുതർ വിക്കറ്റിന് മുന്നിൽ കുരുക്കി. വിക്കറ്റ് വീഴുന്നതിന് ഏതാനും പന്തുകൾക്ക് മുൻപ് ഓൺ- ഫീൽഡ് അംപയർമാർ വെളിച്ചം പരിശോധിച്ചിരുന്നു. കളി തുടരാൻ തന്നെ അവർ തീരുമാനിച്ചു. ലങ്കൻ ബാറ്റർമാരായ പ്രഭാത് ജയസൂര്യയും കാമിൽ മിഷാരയും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അംപയർമാർ തീരുമാനം മാറ്റിയില്ല. പ്രഭാതിന്റെ വിക്കറ്റ് വീണതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുകയും ചെയ്തു.
പുറത്തായതിന്റെ കടുത്ത ദേഷ്യവുമായാണ് ജയസൂര്യ പവലിയനിലേക്ക് മടങ്ങിയത്. ഗ്രൗണ്ടിൽ നിന്നു നടക്കുമ്പോൾ താരം അംപയർമാരെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരിക്കുന്നത് കാണാമായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം താരം തന്റെ ഗ്ലൗസുകൾ ദേഷ്യത്തോടെ വലിച്ചെറിയുന്നതും ടിവി ദൃശ്യങ്ങളിൽ കാണിച്ചു.
ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 177 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും സഹിതം ജുറേല്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നു.
ദേവ്ദത്ത് പടിക്കൽ 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. ഋഷഭ് പന്ത് 6 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates