

ദുബായ്: വലിയ വായിലുള്ള വര്‍ത്തമാനങ്ങള്‍ മാത്രമാണ് ചുറ്റിലും ഇതുവരെ കേട്ടത്. കളത്തില്‍ പാകിസ്ഥാന്‍ വട്ട പൂജ്യമാണെന്നു ചാംപ്യന്‍സ് ട്രോഫിയിലെ അവരുടെ ആദ്യ രണ്ട് പ്രകടനങ്ങളും അടിവരയിടുന്നു. ആറ്റു നോറ്റ് ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ക്ക് സ്വന്തം മണ്ണില്‍ ഒരു ഐസിസി ട്രോഫിയ്ക്ക് ആതിഥേയരാകാന്‍ അവസരം കിട്ടിയത്. തുടരെ രണ്ട് കളികളും തോറ്റ് ആ ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിന്റെ ഭാരമാണ് ഇപ്പോള്‍ ടീമിന്റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നത്. മുഹമ്മദ് റിസ്വാനും സംഘവും സെമിയിലെത്തിയാല്‍ അതായിരിക്കും അത്ഭുതം.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം കളിയില്‍ ഇന്ത്യയോടും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒരു പ്രകടനവും പാക് താരങ്ങളില്‍ നിന്നുണ്ടായില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അവര്‍ എത്ര മെല്ലെ പോകാമോ അത്രയും ഇഴഞ്ഞാണ് ബാറ്റിങ് നടത്തിയത്. ഓപ്പണിങില്‍ ബാബര്‍ അസം- ഇമാം ഉള്‍ ഹഖ് സഖ്യം 41 റണ്‍സ് ചേര്‍ത്തു. പിന്നാലെ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് 104 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തി. പക്ഷേ മെല്ലപ്പോക്കിലൂടെയാണ് ഈ കൂട്ടുകെട്ടുകള്‍ വന്നത്. പിന്നാലെ എത്തിയ മറ്റ് ബാറ്റര്‍മാരും സമാന താളത്തില്‍ തന്നെ പോയതോടെ വെറും 241 റണ്‍സില്‍ അവര്‍ ഒതുങ്ങി.
കളിയുടെ സമസ്ത മേഖലയിലും അവര്‍ പിന്നിലായിരുന്നു. പ്രത്യേകിച്ച് അവസാനമാകുമ്പോഴേക്കും അവര്‍ പൂര്‍ണമായി തന്നെ കളി കൈവിട്ട അവസ്ഥയിലുമായിരുന്നു. ഇന്ത്യൻ ബൗളർമാർ പാകിസ്ഥാൻ ബാറ്റിങ് നിരയെ ആദ്യം വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചപ്പോൾ ഇന്ത്യൻ ബാറ്റർമാർ പാക് ബൗളിങ് നിരയെ അനായാസം നേരിടുന്ന കാഴ്ചയായിരുന്നു.
ബാറ്റര്‍മാര്‍ മെല്ലപ്പോക്കായപ്പോള്‍ ബൗളര്‍മാര്‍ ധാരാളികളായി. ന്യൂസിലന്‍ഡിനെതിരെ ഹാരിസ് റൗഫ് 10 ഓവറില്‍ വഴങ്ങിയത് 83 റണ്‍സായിരുന്നു. ഇന്ത്യക്കെതിരെ താരത്തിന്റെ ഇക്കോണമിയാകട്ടെ 7.42. സൂപ്പര്‍ പേസറെന്ന പേരുള്ള ഷഹീന്‍ ഷാ അഫ്രീദിയാകട്ടെ കിവികള്‍ക്കെതിരെ 68 റണ്‍സ് വഴങ്ങി. ഇന്ത്യക്കെതിരെ താരത്തിന്റെ ഇക്കോണമി 9.25 ആയിരുന്നു.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ദുബായ് പിച്ചില്‍ സ്പിന്നര്‍മാര്‍ നിര്‍ണായകമാകുമെന്ന് തെളിഞ്ഞതാണ്. അതിനായുള്ള എന്ത് ഒരുക്കമാണ് പാകിസ്ഥാന്‍ നടത്തിയത് എന്ന ചോദ്യത്തിനു മാത്രം പരിശീലകന്‍ അക്വിബ് ജാവേദിന് ഉത്തരമില്ല. ഷഹീന്‍- നസീം ഷാ- ഹാരിസ് പേസ് ത്രയം ഇന്ത്യയെ വരിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദുബായ് പിച്ച് പേസിന് അനുകൂലമായിരുന്നില്ല എന്നാണ് പാക് പരിശീലകന്‍ പരിതപിക്കുന്നത്.
പാക് സ്പിന്നര്‍ അബ്രാര്‍ അഹമദാണ് അവരുടെ നിരയില്‍ ഇന്നലെ ഇന്ത്യയെ കുഴക്കിയ ഏക ബൗളര്‍. താരം 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. ശുഭ്മാന്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഒറ്റ പന്ത് കണ്ടാല്‍ മാതി താരത്തിന്റെ പ്രതിഭ എന്തെന്നു അറിയാന്‍. ഇന്ത്യക്കായി തിളങ്ങിയതാകട്ടെ കുല്‍ദീപ് യാദവും. താരം 9 ഓവറില്‍ 40 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി.
പാകിസ്ഥാനു വേണ്ടി ഇന്നലെ കളിച്ച ഏക സ്‌പെഷലിസ്റ്റ് സ്പിന്നറും അബ്രാര്‍ അഹമദ് മാത്രമായിരുന്നു. ഇതില്‍ നിന്നു തന്നെ പാക് ടീം കാര്യമായ ഗൃഹ പാഠമില്ലാതെയാണ് ദുബായ് പിച്ചില്‍ കളിച്ചതെന്നു സാരം. ഷദബ് ഖാന്‍, സുഫിയാന്‍ മുഖീം, ഉസ്മ മിര്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുള്ളപ്പോഴാണ് ഏക സ്‌പെഷലിസ്റ്റ് സ്പിന്നറുമായി അവര്‍ കളത്തിലെത്തിയത് എന്നതും ഓര്‍ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates