

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ തമ്മിലടി. ഐപിഎൽ, ടി20 ലോകകപ്പ് വിഷയങ്ങളിൽ ഇന്ത്യക്കെതിരെ നിലപാടെടുത്ത് നിൽക്കുന്നതിനിടെയാണ് അവരുടെ ബോർഡിൽ തന്നെ വൻ പ്രതിസന്ധി രൂപപ്പെട്ടത്. ഇത് ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരങ്ങളെ വരെ ബാധിച്ചിരിക്കുകയാണിപ്പോൾ. രാജ്യത്തെ താരങ്ങൾക്കെതിരെ പരാമർശം നടത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ എം നജ്മുൽ ഇസ്ലാമിനു കാരണം കാണിക്കൽ നോട്ടീസ് നൽകി. താരങ്ങൾക്കെതിരെ ഡയറക്ടർ നടത്തിയ പരാമർശം വിവാദമായതോടെ താരങ്ങൾ ബിപിഎൽ ബഹിഷ്കരിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് നോട്ടീസ് നൽകിയത്.
താരങ്ങൾ ബഹിഷ്കരണ ഭീഷണി മുഴക്കിയതോടെ വ്യാഴാഴ്ച നടക്കേണ്ട നവോഖാലി എക്സ്പ്രസ്- ചാറ്റോഗ്രാം റോയൽസ് പോരാട്ടം തുടങ്ങാനായില്ല. പ്രാദേശിക സമയം ഒരു മണിക്കു തുടങ്ങേണ്ടി പോരാട്ടത്തിനായി ടോസ് ചെയ്യാൻ മാച്ച് റഫറി ഷിപാർ അഹമദ് 12.30 ഓടെ ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാൽ മറ്റൊരാളും അവേടേയ്ക്കെത്തിയില്ല. അദ്ദേഹം താരങ്ങളെ കാത്ത് ഏറെ നേരം ഒറ്റയ്ക്ക് മൈതാനത്തു നിന്നു. എന്താണ് സംഭവിക്കുന്നതെന്നു തനിക്കറിയില്ല എന്നായിരുന്നു മാച്ച് റഫറിയുടെ പ്രതികരണം.
ബുധനാഴ്ച ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു. നജ്മുൽ ഇസ്‌ലാം രാജിവച്ചില്ലെങ്കിൽ ബിപിഎൽ പൂർണമായും ബഹിഷ്‌കരിക്കുമെന്നാണ് ബംഗ്ലദേശ് താരങ്ങളുടെ ഭീഷണി.
ബോർഡിലെ ഒരു അംഗം അടുത്തിടെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഖേദം പ്രകടിപ്പിക്കുന്നു. ഈ പരാമർശങ്ങൾ മൂലമുണ്ടായ ആശങ്ക ബിസിബി അംഗീകരിക്കുകയും പ്രൊഫഷനലിസം, ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനം, ക്രിക്കറ്റ് കളിയെ പരിപോഷിപ്പിക്കുന്ന മൂല്യങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. വിഷയത്തിൽ, ബന്ധപ്പെട്ട അംഗത്തിനെതിരെ ബോർഡ് ഇതിനകം തന്നെ ഔദ്യോഗിക അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാരണം കാണിക്കൽ കത്ത് നൽകിയിട്ടുണ്ട്. കൂടാതെ 48 മണിക്കൂറിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാൻ ആ വ്യക്തിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ബിസിബി ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പിനായി ബംഗ്ലദേശ് ടീം ഇന്ത്യയിലേക്കു പോകില്ലെന്ന് നജ്മുൽ ഇസ്‌ലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറയുന്നതിനിടെ ബംഗ്ലദേശ് താരങ്ങൾക്ക് മാച്ച് ഫീ ഇനത്തിൽ വരുന്ന നഷ്ടത്തിനു നഷ്ടപരിഹാരം നൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് വലിയ കോലാഹലങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് വിഷയത്തിൽ ബിസിബിയെ താരങ്ങൾ പിന്തുണച്ചില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നൽകില്ലെന്നുമാണ് നജ്‌മുൽ ഇസ്‌ലാം പറഞ്ഞത്. ഇതോടെ താരങ്ങൾ ബിപിഎൽ ബഹിഷ്കരണ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെയാണ് നജ്‌മുലിന് ബിസിബി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ബഹിഷ്കരണ തീരുമാനത്തിൽ നിന്നു പിന്മാറണമെന്ന് താരങ്ങളോട് ബോർഡ് അഭ്യർഥിക്കുകയും ചെയ്തു.
ലോകകപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെ ഇന്ത്യയുമായുള്ള സംഘർഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് മുൻ ബംഗ്ലദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇന്ത്യൻ ഏജന്റ് എന്ന് നജ്മുൽ ആക്ഷേപിച്ചതും വിവാദമായി. ഇതിനെതിരെയും താരങ്ങളടക്കം രംഗത്തെത്തി. പിന്നാലെയാണ് നഷ്ടപരിഹാര പ്രശ്നവും പൊന്തി വന്നത്.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ടീം വിളിച്ചെടുത്ത ഏക ബംഗ്ലാ താരം മുസ്തഫിസുർ റഹ്മാനായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും പിന്നീട് ഒഴിവാക്കി. മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചെങ്കിലും ബിസിബി ഇതുവരെ വഴങ്ങിയിട്ടില്ല.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് മുസ്തഫിസുറിനെ ഇത്തവണ ലേലത്തിൽ സ്വന്തമാക്കിയത്. എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുസ്തഫിസുറിനെ ടീമിൽ കളിപ്പിക്കരുതെന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിസിസിഐ കെകെആറിനോട് മുസ്തഫിസുറിനെ ടീമിൽ നിന്നു ഒഴിവാക്കണണെന്നു ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് താരത്തെ ഒഴിവാക്കിയത്. പിന്നാലെയാണ് ബംഗ്ലാദേശ് ബോർഡ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates