

മുംബൈ: 2027 ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിനു (ഡബ്ല്യുപിഎൽ) മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ പുതിയ പരിശീലകനായി ലൂക്ക് വില്ല്യംസിനെ നിയമിച്ചു. സ്ഥാനമൊഴിയാൻ തീരുമാനിച്ച ലിസ കീറ്റ്ലിക്ക് പകരമാണ് ലൂക്ക് വില്ല്യംസ് സ്ഥാനമേൽക്കുന്നത്. 2025 സെപ്റ്റംബറിലാണ് ലിസ മുംബൈ ഇന്ത്യൻസ് പരിശീലകയായി ചുമതലയേറ്റത്. വ്യാഴാഴ്ച ടീം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ലിസ സ്ഥാനമൊഴിയുന്നതും ലൂക്ക് വില്ല്യംസിനെ നിയമിച്ചതും സ്ഥിരീകരിച്ചത്.
2024ൽ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കന്നി കിരീടം സമ്മാനിച്ച കോച്ചാണ് ലൂക്ക് വില്ല്യംസ്. തുടർന്നുള്ള സീസണുകളിലും ആർസിബിയുടെ ഭാഗമായിരുന്നു അദ്ദേഹം. വിമൻസ് ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനൊപ്പമുള്ള പരിശീലക ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇക്കഴിഞ്ഞ സീസണിലാണ് അദ്ദേഹം ആർസിബി വിട്ടത്.
ദി ഹണ്ട്രഡിൽ സതേൺ ബ്രേവ് വനിതാ ടീമിനേയും ഡബ്ല്യുബിബിഎല്ലിൽ അഡെലെയ്ഡ് സ്ട്രൈക്കേഴ്സിന്റേയും ഹെഡ് കോച്ചായിരുന്നു ലൂക്ക് വില്ല്യംസ്. ബിബിഎല്ലിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് പുരുഷ ടീമിന്റെ സഹ പരിശീലകനായും ലൂക്ക് വില്ല്യംസ് പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേഡ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ബ്രാഡ്മാൻ മെഡൽ (2005-06, 2007-08, 2009- 10) മൂന്ന് തവണ നേടിയ വ്യക്തിയുമാണ് ലൂക്ക് വില്ല്യംസ്.
ഈ മാസം 28നാണ് വനിതാ പ്രീമിയർ ലീഗ് ടീമുകളിലെ താരങ്ങളെ നിലനിർത്തേണ്ട അവസാന തീയതി. അതിനു മുൻപ് ഏതൊക്കെ താരങ്ങളെ നിലനിർത്തണം എന്നതടക്കമുള്ള ദൗത്യങ്ങൾ ലൂക്ക് വില്ല്യംസിന്റെ ചുമതലയാണ്. 2027 ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെ നടക്കുന്ന ഡബ്ല്യുപിഎൽ അഞ്ചാം പതിപ്പിനായുള്ള മിനി ലേലം ഒക്ടോബർ 28ന് കൊച്ചിയിൽ വച്ചാണ് നടക്കുന്നത്.
മുംബൈ ഇന്ത്യൻസ് 2026 സീസണിൽ ലിസയ്ക്ക് കീഴിലാണ് മത്സരിക്കാൻ ഇറങ്ങിയത്. 5 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് എത്തിയത്. അവരുടെ ഏറ്റവും മോശം സീസൺ കൂടിയായിരുന്നു ഇത്തവണത്തേത്. 2023ലെ ആദ്യ പതിപ്പിൽ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് 2025ലും കിരീടം ഉയർത്തിയിരുന്നു. 2024ൽ എലിമിനേറ്റർ വരെ പോകാനും ടീമിനു സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates