

ന്യൂഡൽഹി: ഗ്ലാസ്ഗോയിൽ ഈ മാസം 23 മുതൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണും ഏന്തും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആണ് രാജ്യത്തിന്റെ അഭിമാന വനിതാ താരങ്ങളായ ഇരുവരേയും ഈ ദൗത്യത്തിനായി നിയോഗിച്ചത്. ഈ മാസം 23നാണ് ഉദ്ഘാടന ചടങ്ങ്. 124 അംഗങ്ങളുള്ള താരങ്ങളുടെ സംഘത്തെ ഇരുവരും മുന്നിൽ നിന്നു നയിക്കും. ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെയാണ് കോമൺവെൽത്ത് ഗെയിംസ്.
ഇത്തവണ വിപുലമായ ഉദ്ഘാടന പരിപാടികൾ ഇല്ല. ഓവോ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ. ഇന്ത്യൻ കായിക രംഗത്തിനു ഇരു താരങ്ങളും നൽകിയ അവിസ്മരണീയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ബഹുമതിയെന്നു ഐഒഎ അധ്യക്ഷ പിടി ഉഷ വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിലെ പതാക, ബാറ്റൺ ഏന്തുന്നവർ എന്നതിലുപരി ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷകളോടെ നോക്കുന്ന താരങ്ങളാണ് ഇരുവരും. 2021ലെ ടോക്യോ ഒളിംപിക്സിൽ വനിതകളുടെ 49 കിലോ വിഭാഗത്തിൽ വെള്ളി നേടിയ താരമാണ് മീരഭായ്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാംപ്യൻഷിപ്പുകളിൽ ഒന്നിലേറെ മെഡലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ലവ്‍ലിനയും ടോക്യോ ഒളിംപിക്സിൽ വനിതാ ബോക്സിങിൽ വെങ്കലം നേടി ചരിത്രമെഴുതിയ താരമാണ്. 2023ലെ വനിതാ ലോക ചാംപ്യൻ കൂടിയാണ്. 2023ലെ ഏഷ്യൻ ഗെയിസ് വെള്ളി നേട്ടവും ലവ്‍ലിനയ്ക്കുണ്ട്.
ഗെയിംസിൽ 124 ഇന്ത്യൻ താരങ്ങളാണ് മത്സരിക്കാൻ ഇറങ്ങുന്നത്. അത്‍ലറ്റിക്സ്, ബോക്സിങ്, വെയ്റ്റ്ലിഫ്റ്റിങ്, സൈക്ലിങ്, ജിംനാസ്റ്റിക്സ്, ലോൺ ബോൾസ്, നീന്തൽ ഉൾപ്പെടെ 10 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates