

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരും മുൻ ലോക ജേതാക്കളുമായ സ്പെയിനും നേർക്കുനേർ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിഹാസ താരവും അർജന്റീന നായകനുമായ ലയണൽ മെസിയുടെ മാന്ത്രികത ആവോളം ആസ്വദിക്കണമെന്നു പറയുകയാണ് ഫൈനലിനു മുന്നോടിയായി അർജന്റീന പരിശീലകൻ ലയണൽ സ്കലോനി. 39ാം വയസിലും തന്റെ മാന്ത്രിക സിദ്ധികൾ മുഴുവൻ കളത്തിൽ ഒഴുക്കിവിട്ടാണ് മെസി അർജന്റീനയെ തുടർ ലോക കിരീടമെന്ന അപൂർവ നേട്ടത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. നിർണായക പോരിനിറങ്ങും മുൻപാണ് സ്കലോനിയുടെ വാക്കുകൾ.
'മെസി ചരിത്രം കുറിച്ച താരമാണ്. ഇതിഹാസം. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ പെരുമയിൽ അങ്ങേയറ്റം അഭിമാനുള്ള ആളാണ് ഞാൻ. 39ാം വയസിലെ ഈയൊരു നിമിഷത്തിൽ അദ്ദേഹം ഫൈനലിൽ എത്തിച്ചേർന്ന രീതി എനിക്കു പോലും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടാണ് ഞാൻ ആരാധകരോടു പറയുന്നത് അദ്ദേഹത്തിന്റെ കളി പൂർണമായി നമ്മൾ ആസ്വദിക്കണമെന്ന്.'
'ഡീഗോ മറഡോണയ്ക്ക് എന്താണ് സംഭവിച്ചതെന്നു നാം കണ്ടിട്ടുണ്ടല്ലോ. അദ്ദേഹത്തെ നാം എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്നും ആലോചിച്ചു നോക്കു. നമുക്ക് ഇപ്പോൾ ലിയോ ഉണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴുമുള്ള കളിക്കളത്തിലെ സാന്നിധ്യത്തെ നാം വിലമതിക്കണം. ഈ മനോഹര വർഷങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ചരിത്ര പുരുഷനും ഇതിഹാസവുമാണ്.'
'കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപ് വിചാരിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് അർജന്റീന ടീം കളത്തിൽ ചെയ്തുകാണിച്ചത്. ഇവിടെ വരെ എത്തുക എന്നത് എളുപ്പമായിരുന്നില്ല. നമ്മൾ ഫൈനലിൽ ജയിച്ചേക്കാം, അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി എന്തു സംഭവിച്ചാലും ഈ ഘട്ടം വരെയുള്ള യാത്ര അവിശ്വസനീയമായിരുന്നു. ഫൈനൽ എതിരാളികളായ സ്പെയിൻ മികച്ച ടീമാണ്. അവരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളെ എന്നെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്'- സ്കലോനി വ്യക്തമാക്കി.
28 വർഷം കിരീട വിജയങ്ങളൊന്നുമില്ലാതെ നിന്ന അർജന്റീനയെ 2021ൽ കോപ്പ അമേരിക്ക, 2022ൽ ലോകകപ്പ്, പിന്നാലെ ഫൈനലിസിമ, 2024ൽ വീണ്ടും കോപ്പ അമേരിക്ക അന്താരാഷ്ട്ര കിരീട നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകനാണ് സ്കലോനി. സ്കലോനിയും മെസിയും ചേർന്നാണ് ടീമിൽ പുതു തരംഗം തന്നെ തീർത്തത്. 2021ൽ കോപ്പ അമേരിക്ക നേടി തുടക്കമിട്ട സുവർണ സംഘത്തിന്റെ യാത്ര മറ്റൊരു ലോകകപ്പ് ഫൈനലിൽ എത്തി നിൽക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ലോക കിരീടം നിലനിർത്തി മെസി പടിയിറങ്ങുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates