

ബംഗളൂരു: ഐപിഎൽ മെഗാ താര ലേലത്തിൽ ഇഷാൻ കിഷന് പിന്നാലെ വമ്പൻ നേട്ടം സ്വന്തമാക്കി പേസർ ദീപക് ചഹറും. 14 കോടി രൂപയ്ക്ക് താരത്തെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചു. മറ്റൊരു ഇന്ത്യൻ പേസറായ ശാർദുൽ ഠാക്കൂറും നേട്ടം സ്വന്തമാക്കി. താരത്തെ 10.75 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
കൊൽക്കത്ത മുൻ പേസർ പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് പത്ത് കോടി മുടക്കി ടീമിലെത്തിച്ചു. സ്പിന്നർ യുസ് വേന്ദ്ര ചഹലിനെയും രാജസ്ഥാൻ സ്വന്തമാക്കി. താരത്തിന് 6.5 കോടിക്കാണ് ടീം സ്വന്തമാക്കിയത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷാൻ തന്നെ. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില.
ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ്, പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കൽ (7.75 കോടി), വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (8.5 കോടി) എന്നീ ബാറ്റർമാരെയും ടീമിലെത്തിച്ച് കരുത്തുകാട്ടി.
ബംഗ്ലദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, അമിത് മിശ്ര, ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ, അഫ്ഗാൻ താരം മുജീബ് റഹ്മാൻ എന്നിവരെ ആരും വാങ്ങിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates