

ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി ഐപിഎൽ താരങ്ങൾ. ഡൽഹി പ്രീമിയർ ലീഗിലെ എലിമിനേറ്ററിൽ വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസും തമ്മിലുള്ള മത്സരത്തിനിടെയാണ് രൂക്ഷമായ വാക് പോരും അരങ്ങേറിയത്. നിതീഷ് റാണയും ദിഗ്വേഷ് രതിയുമാണ് ഗ്രൗണ്ടിൽ കൊമ്പുകോർത്തത്.
വെസ്റ്റ് ഡൽഹി താരവും നായകനുമായ നിതീഷ് മത്സരത്തിൽ 55 പന്തിൽ 134 റൺസ് അടിച്ചകൂട്ടിയിരുന്നു. മത്സരത്തിൽ വെസ്റ്റ് ഡൽഹി 7 വിക്കറ്റിനു വിജയവും സ്വന്തമാക്കി.
ഡൽഹി സൂപ്പർ സ്റ്റാർസ് താരമായ രതി നിതീഷ് റാണയെ നിരന്തരം പ്രകോപിപ്പിക്കാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. ബൗൾ ചെയ്യാൻ റൺ അപ് എടുത്ത ശേഷം രതി പന്തെറിയാതെ മടങ്ങിയത് നിതീഷിനെ പ്രകോപിപ്പിച്ചു. ദിഗ്വേഷിന്റെ പ്രവൃത്തിയെ നിതീഷ് റാണ ചോദ്യം ചെയ്തത് തർക്കം രൂക്ഷമാക്കി.
അടുത്ത പന്തെറിയാൻ രതി ക്രീസിലെത്തി ആക്ഷൻ കാണിക്കാൻ തുടങ്ങിയപ്പോൾ നിതീഷ് ബാറ്റ് ചെയ്യാതെ ക്രീസിൽ നിന്നു പിൻമാറി. തൊട്ടടുത്ത പന്തിൽ നിതീഷ് റിവേഴ്സ് സ്വീപിലൂടെ രതിയെ സിക്സറും തൂക്കി. ഇതോടെ രതിയും പ്രകോപിതനായി. രതിയുടെ 11 പന്തുകളാണ് നിതീഷ് നേരിട്ടത്. ഇതിൽ 5 സിക്സും 2 ഫോറും സഹിതം നിതീഷ് അടിച്ചെടുത്തത് 38 റൺസാണ്. ഇതിൽ രതി അസ്വസ്ഥനായിരുന്നു.
ഇരുവരും പരസ്പരം ചീത്ത വിളികൾ ആരംഭിച്ചു. നിതീഷ് രതിയുടെ നേരെ അടുക്കുകയും ചെയ്തോടെ വാക് പോര് കൈയാങ്കളിയുടെ വക്കോളമെത്തി.
സഹ താരങ്ങളും അംപയറും ഇരു താരങ്ങളേയും പിടിച്ചു മാറ്റിയാണ് രംഗ ശാന്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
ഐപിഎല്ലിൽ നിതീഷ് റാണ രാജസ്ഥാൻ റോയൽസ് താരമാണ്. ദിഗ്വേഷ് രതി ലഖ്നൗ സൂപ്പർ ജയന്റ്സിനായും കളിക്കുന്നു. ഐപിഎല്ലിൽ രതിയുടെ നോട്ട് ബുക്ക് വിക്കറ്റ് ആഘോഷം വലിയ വിവാദമായിരുന്നു. താരത്തിനു അച്ചടക്ക ലംഘനത്തിനു നിരവധി തവണ ശിക്ഷയും കിട്ടി. അതിനിടെയാണ് ഡൽഹി പ്രീമിയർ ലീഗിലെ പ്രശ്നം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
