

മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ സ്പെയിനിനോട് 1-0ത്തിനു പരാജയപ്പെട്ട് ലോക കിരീടം കൈവിട്ട് ലയണൽ മെസി കണ്ണീരുമായി നിന്നപ്പോൾ പല ഫുട്ബോൾ പ്രേമികളുടേയും മനസ് 36 വർഷം മുൻപുള്ള മറ്റൊരു ജൂലൈ രാത്രിയിലേക്കായിരിക്കും സഞ്ചരിച്ചിട്ടുണ്ടാകുക. 1990ൽ റോമിലെ സ്റ്റാഡിയോ ഒളിംപിക്കോയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ജർമനിയോട് 1-0ത്തിനു പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ട് കണ്ണീരടക്കാനാകാതെ നിന്ന ഡീഗോ മറഡോണയുടെ രൂപം.
മെസിയുടെ വരവ് തന്നെ മറഡോണയുടെ പിൻഗാമിയെന്ന വിളിയിലൂടെയാണ്. മറഡോണയെ ലോകം മാന്ത്രികനെന്നു വിളിച്ചു. മെസിയേയും ആരാധകർ അങ്ങനെ തന്നെ വിശേഷിപ്പിച്ചു. തങ്ങളുടെ ഫുട്ബോൾ കരിയറിലെ മഹത്തായ നേട്ടങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലും ഇരുവരും ഒരുപോലെ നിന്നു. ഖത്തറിലെ ലോകകപ്പ് നേട്ടത്തിനു ശേഷം മെസിക്ക് ഫുട്ബോളിൽ നിന്നു വിരമിക്കാമായിരുന്നു. 1986ൽ കിരീടം നേടിയ ശേഷം മറഡോണയ്ക്കും വിരമിക്കാമായിരുന്നു. ആരും ചോദ്യം ചെയ്യുമായിരുന്നില്ല.
പക്ഷേ തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. പ്രതിസന്ധികളും തളർച്ചകളും മറികടന്ന് ലോകത്തിന്റെ നെറുകയിലേക്ക് ടീമിനെ വീണ്ടുമൊരിക്കൽ കൂടി ഉയർത്താൻ അവർ ഇരുവരും വെമ്പൽ കൊണ്ടു. 1990ൽ മറഡോണയ്ക്കൊപ്പമുണ്ടായിരുന്നത് പ്രതാപം മങ്ങിയ ടീമാണെങ്കിൽ 2026ൽ മെസിക്കൊപ്പമുണ്ടായിരുന്ന സംഘവും ഏതാണ്ട് സമാനമാണ്.
ആത്മാവ്
1990ൽ മറോഡണയും 2026ൽ മെസിയുമായിരുന്നു അർജന്റീന ടീമിന്റെ ആത്മാവ്. ചെറിയ വ്യത്യാസം മറഡോണ ഒറ്റ ഗോൾ പോലും നേടിയില്ല. എന്നാൽ മെസി ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിനെ ഫൈനൽ വരെ എത്തിച്ചു. ഗോൾ നേടിയില്ലെങ്കിലും മറഡോണയുടെ മികവിൽ തന്നെയായിരുന്നു അർജന്റീനയുടെ 1990ലെ കുതിപ്പ്. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ തകർത്ത കനീജിയയുടെ ഗോളിനു വഴിയൊരുക്കിയത് മറഡോണയായിരുന്നു. യൂഗോസ്ലാവിയ, ഇറ്റലി തുടങ്ങിയ കരുത്തരായ പ്രതിരോധ നിരയുള്ള ടീമുകളെ ഭയന്നു നിൽക്കാൻ പ്രേരിപ്പിച്ചതും മറഡോണ എന്ന പേരു തന്നെയായിരുന്നു.
പന്തടക്കം
1990ലെ ഫൈനലിൽ പ്രതാപത്തിൽ നിന്ന ജർമനിയെ നേരിടാൻ എങ്ങനെയാണോ മറഡോണയുടെ അർജന്റീന ഇറങ്ങിയത് സമാനമായിരുന്നു 2026ൽ തകർപ്പൻ ഫോമിൽ നിന്ന സ്പെയിനിനെതിരെ മെസിയുടെ അർജന്റീനയും ഇറങ്ങിയത്. രണ്ട് ഫൈനലിലേയും പന്തിലെ നിയന്ത്രണം പരിശോധിച്ചാൽ യൂറോപ്യൻ വമ്പൻമാർക്കെതിരെ അർജന്റീന എത്രത്തോളം പതറിയെന്നു വ്യക്തമാകും. 2026ൽ സ്പെയിനിനെതിരെ 35 ശതമാനമായിരുന്നു മെസിയുടെ അർജന്റീനയ്ക്ക് പന്തിലെ നിയന്ത്രണം. 1990ൽ മറഡോണയുടെ അർജന്റീനയ്ക്ക് പന്തിലെ നിയന്ത്രണം 39 ശതമാനവും.
ചുവപ്പ് കാർഡ്
പോരാട്ടവീര്യം ചോർത്തിക്കളഞ്ഞ ചുവപ്പ് കാർഡുകളുടെ കാര്യത്തിലും രണ്ട് ഫൈനൽ പോരാട്ടങ്ങൾക്കും സമാനതകളുണ്ട്. 1990ൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഗുസ്താവോ ദെസോട്ടി ചുവപ്പ് കാർഡ് വാങ്ങി. 2026ൽ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായി.
പെനാൽറ്റി നഷ്ടം
ഇത്തവണ പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അന്ന് യൂഗോസ്ലാവിയക്കെതിരായ ക്വാർട്ടറിന്റെ ടൈബ്രേക്കറിൽ മറഡോണയും പെനാൽറ്റി നഷ്ടമാക്കി.
2 പക്ഷം
1990ലെ ലോകകപ്പിൽ മറഡോണ ഇറ്റലിയെന്ന രാജ്യത്തെ രണ്ടാക്കി വിഭജിച്ചു എന്നു പറഞ്ഞാൽ തെറ്റില്ല. അന്ന് ഇറ്റാലിയൻ ടീം നാപ്പോളിയുടെ പോരാളി കൂടിയായിരുന്നു മറഡോണ. സെമിയിൽ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളികൾ. നാപ്പോളി ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിനൊപ്പം നിന്നപ്പോൾ മറുവിഭാഗം മാതൃരാജ്യത്തിനായി ആർത്തുവിളിച്ചു.
ഇത്തവണ മെസിക്കായി ഫിഫ വഴിവിട്ടു സഹായം ചെയ്യുന്നുവെന്നും അർജന്റീനയെ ലോകകപ്പ് നിലനിർത്താൻ സഹായിക്കുകയാണെന്നും ആരോപിച്ച് ഒരു വിഭാഗം എതിരായിരുന്നു. മറുവിഭാഗമാകട്ടെ മെസിയുടെ മാന്ത്രികതയേയും ടീമിന്റെ തിരിച്ചു വരാനുള്ള മികവിനേയും വിശ്വസിച്ചു.
മറഡോണയെ പൂട്ടണം
ഫൈനലിൽ മറഡോണയെ പൂട്ടണമെന്നു ജർമൻ പരിശീലകൻ ഫ്രാൻസ് ബെക്കൻബോവർ ടീമിനു മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മാന്ത്രികതയ്ക്ക് തങ്ങളെ തകർക്കാൻ കെൽപ്പുണ്ടായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡർ ഗ്വിഡോ ബുച്ച്വാൾഡിനായിരുന്നു അദ്ദേഹത്തെ പൂട്ടാനുള്ള ചുമതല. ഡീഗോ ടോയ്ലറ്റിൽ പോയാൽ പോലും അദ്ദേഹത്തിന്റെ കൂടെ പോകണം എന്നായിരുന്നു ബെക്കൻബോവർ അന്നു താരത്തിനു നൽകിയ നിർദ്ദേശം. മത്സരത്തിന്റെ ഓരോ മിനിറ്റിലും ബുച്ച്വാൾഡ് ഡീഗോയെ പിടിച്ചു നിർത്തി. ഈ കഠിനാധ്വാനത്തിലൂടെ ബുച്ച്വാൾഡിന് ഡീഗോ എന്ന അപരനാമം പോലും അന്ന് കിട്ടുന്നുണ്ട്.
മെസിയെ പൂട്ടണം
കാലത്തിന്റെ മാറ്റത്തിൽ ഫുട്ബോൾ തന്ത്രങ്ങളും പല മാറ്റങ്ങളിലൂടെ പോയി. മാൻ ടു മാൻ മാർക്കിങ് അന്നത്തെ പോലെ ഇന്നില്ല. മെസിയെ പൂട്ടാൻ സ്പെയിൻ മറ്റൊരു തന്ത്രമാണ് പുറത്തെടുത്തത്. റോഡ്രിയും കുക്കുറേയയും ചേർന്നാണ് ഇത്തവണ മെസിയെ തളച്ചിട്ടത്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി പന്തുകൾ വരുന്നത് തടയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 117ാം മിനിറ്റിലാണ് ആദ്യമായി മെസിക്ക് പോസ്റ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ സാധിച്ചത്. ആ ഷോട്ട് മികേൽ മെറീനോ ഹെഡ്ഡ് ചെയ്ത് തടയുകയും ചെയ്തു.
അന്ന് ബെക്കൻബോവർ മറഡോണയെക്കുറിച്ച് തന്റെ താരങ്ങളോട് പറഞ്ഞതു പോലെ ഇത്തവണ ലൂയീസ് ഡെലഫ്യുവന്റെ തന്റെ താരങ്ങളോട് മെസിയെക്കുറിച്ചും പറഞ്ഞു. മെസിയെ നേരിടലാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രായത്തിലും ആദ്യ മിനിറ്റ് മുതൽ അവസാന മിനിറ്റ് വരെ അദ്ദേഹത്തിന്റെ മികവ് ബഹുമാനം അർഹിക്കുന്നു എന്നായിരുന്നു സ്പാനിഷ് കോച്ച് തന്റെ താരങ്ങളെ ഓർമിപ്പിച്ചത്.
ബ്രെഹ്മേയും ടോറസും
ഒടുവിൽ... അന്ന് ആൻഡ‍്രിയാസ് ബ്രെഹ്മേ മറഡോണയുടേയും അർജന്റീനയുടേയും നെഞ്ചിൽ കത്തികുത്തിയിറക്കും വേദന സമ്മാനിച്ച് ഗോൾ നേടി. 2026ൽ ഫെറാൻ ടോറസ് സമാന വേദന മെസിക്കും അർജന്റീനയ്ക്കും നൽകി. മത്സരം അവസാനിപ്പിച്ച് റഫറി ലോങ് വിസിൽ മുഴക്കിയപ്പോൾ രണ്ട് വ്യത്യസ്ത കാലങ്ങളിൽ ഫുട്ബോൾ മൈതനങ്ങളെ പുളകം കൊള്ളിച്ച ആ മഹാമാന്ത്രികൻമാർ ഹതാശരായി മൈതാനത്ത് നിന്നു. പിന്നീട് പൊട്ടിക്കരഞ്ഞു. രണ്ട് കാലത്തെ സംഭവങ്ങൾ ഒരേപോലെ ആവർത്തിക്കപ്പെടുന്ന കാഴ്ച. അന്നും ഇന്നും അവർ രണ്ട് പേർ മാത്രമല്ല കണ്ണീരണിഞ്ഞത്, ലോകത്തിന്റെ വിവിധ കോണുകളിലെ ലക്ഷക്കണക്കിനു മനുഷ്യർ കൂടിയാണ്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates