

കൊളംബോ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 159 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു. വിൽ ജാക്‌സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമായി.
ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമായിരുന്നു മത്സരത്തിൽ ഓപ്പണർമാരായ ഗ്ലെൻ ഫിലിപ്സും ഫിൻ അലനും ന്യൂസിലൻഡിന് നൽകിയത്. ഗ്ലെൻ ഫിലിപ്സ് 28 പന്തിൽ 39 റൺസും ഫിൻ 19 പന്തിൽ 29 റൺസും നേടി.
എന്നാൽ ഈ തുടക്കം മുതലാക്കാൻ ടിം സീഫർട്ട് ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ടിം സീഫർട്ട് 25 പന്തിൽ 35 റൺസും നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 159 റൺസ് നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്സ്,റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
160 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റൺ എടുക്കുന്നതിനിടെ ഓപ്പണർമാരായ ഫിൽ സാൾട്ട്, ജോസ് ബട്ലർ എന്നിവർ പുറത്തായി.
പിന്നീട് ക്രീസിൽ എത്തിയ ടോം ബാന്റൺ 24 പന്തിൽ 34 റൺസും വിൽ ജാക്സ് പുറത്താകാതെ 18 പന്തിൽ 32 റൺസുമെടുത്തു ശക്തമായി പോരാടി. ഒടുവിൽ 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ന്യൂസിലൻഡിനായി രചിൻ രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി.
ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും ഒരു വിജയമുള്ള ന്യൂസീലൻഡാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. നിലവിൽ മൂന്നു പോയിന്റാണ് ന്യൂസീലൻഡിന് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചാൽ പാകിസ്ഥാനും ന്യൂസീലൻഡിനും മൂന്നു പോയിന്റ് വീതമാകും. തുർന്ന് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയിൽ ആരാകും എത്തുക എന്ന കാര്യം തീരുമാനിക്കുക. നാളത്തെ മത്സരത്തിൽ വൻ അട്ടിമറിയുടെ ജയിക്കാനാകും പാകിസ്ഥാൻ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates