

ലണ്ടൻ: പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച്, കായിക ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ ക്രെയ്ഗ് മൈൽസ്. 32ാം വയസിലാണ് താരം അപ്രതീക്ഷിതമായി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് കളി മതിയാക്കുന്നതെന്നു താരം വ്യക്തമാക്കി. 2026 ജനുവരിയിൽ വിറ്റലിറ്റി ബ്ലാസ്റ്റ് പോരാട്ടത്തിലാണ് താരം അവസാനമായി കളിച്ചത്.
എല്ലാ ഫോർമാറ്റിലുമായി 500നു മുകളിൽ വിക്കറ്റ് വീഴ്ത്തിയ താരമാണ് ക്രെയ്ഗ് മൈൽസ്. 15 വർഷം നീണ്ട കരിയറിനാണ് താരം അപ്രതീക്ഷിതമായി വിരാമമിട്ടത്. ഇംഗ്ലണ്ട് കൗണ്ടി ടീം ഗ്ലൗസ്റ്റർഷെയർ താരമാണ് ക്രെയ്ഗ് മൈൽസ്. സമീപകാലത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട് താൻ നേരിട്ട മാനസിക പ്രയാസങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ബുദ്ധിമുട്ടായിരുന്നുവെന്നു മൈൽസ് വ്യക്തമാക്കി.
'വിഷമത്തോടെയാണെങ്കിലും വലിയ അഭിമാനത്തോടെ തന്നൊണ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നുള്ള എന്റെ വിരമിക്കൽ ഞാൻ പ്രഖ്യാപിക്കുന്നത്. ഇതൊട്ടും എളുപ്പമുള്ള തീരുമാനമല്ല. എന്നാൽ അടുത്ത കാലത്തായി കളിയിൽ ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് എന്റെ മാനസിക ക്ഷേമത്തിനു മുൻഗണന നൽകുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തത്.'
'ഗെയിമിൽ നിന്നു വിട്ടുനിന്ന സമീപകാല സമയം എന്നെയും ക്രിക്കറ്റുമായുള്ള എന്റെ ബന്ധത്തേയും കൂടുതൽ നന്നായി മനസിലാക്കാനും വിലയിരുത്താനും അവസരം നൽകി. കരിയറിന്റെ പല ഘട്ടങ്ങളിലും ഇത്തരം വെല്ലുവിളികൾ ഞാൻ നേരിട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രതയോടെ അത് അനുഭവപ്പെടുന്നത് ഇതാദ്യമാണ്. എന്നിൽ തന്നെ ഞാൻ വച്ചുപുലർത്തുന്ന ഉയർന്ന പ്രതീക്ഷകളും ഞാൻ എപ്പോഴും എത്തിപ്പിടിക്കാൻ ശ്രമിച്ച നിലവാരങ്ങളുമാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമായത്.'
'ചില സമയങ്ങളിൽ കഴിവുകളെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചുമുള്ള എന്റെ ചിന്തകളെപ്പോലും ബാധിച്ചു. അതിനുശേഷമുണ്ടാകുന്ന സ്വയം സംശയങ്ങളും ചോദ്യം ചെയ്യലുകളും സ്ഥിതി കൂടുതൽ വഷളാക്കുക മാത്രമേ ചെയ്തുള്ളു. ക്രിക്കറ്റ് സ്വാഭാവികമായി കൊണ്ടുവരുന്ന അനിശ്ചിതത്വങ്ങളും അസ്ഥിരതയും കൂടി ചേരുമ്പോൾ കളി മുന്നോട്ടു കൊണ്ടുപോകുന്നത് അസാധ്യമായി മാറുന്നു.'
'നിർഭാഗ്യവശാൽ തൃപ്തികരമായ നിലവാരത്തിൽ പരിശീലനം നടത്താനോ കളിക്കാനോ പ്രകടനം നടത്താനോ സാധിക്കുന്ന രീതിയിൽ മുന്നോട്ടു പോകാനുള്ള ശേഷി എനിക്കിപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. തീർച്ചയായും കളി ആസ്വദിച്ച് പൂർണ സ്വാതന്ത്ര്യത്തോടെ എന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞ ഒരുപാട് നല്ല കാലഘട്ടങ്ങളും ഉണ്ടായിരുന്നു.'
'16ാം വയസിലെ ഫസ്റ്റ് കാസ് അരങ്ങേറ്റം, 200, 500 വിക്കറ്റുകൾ, ഒരു വൺഡേ കപ്പ്, ഒരു ചാംപ്യൻഷിപ്പ് വിജയം തുടങ്ങി നേട്ടങ്ങൾ നിരവധിയുണ്ട് എന്റെ കരിയറിൽ. അന്ന് ആസ്വദിച്ചതിനേക്കാൾ ഈ നേട്ടങ്ങൾ ഇപ്പോൾ കൂടുതലായി അംഗീകരിക്കാനുള്ള അവസ്ഥ എനിക്ക് കൈവന്നിട്ടുണ്ട്'- വിരമിക്കൽ തീരുമാനം വ്യക്തമാക്കി താരം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates