

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം പോരാട്ടത്തിലെ അവിസ്മരണീയ വിജയം എല്ലാ കാലത്തേക്കും തനിക്കു പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമാണെന്നു ഇംഗ്ലണ്ട് യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍. കാരം പന്തില്‍ ഷൊയ്ബ് ബഷീര്‍ മുഹമ്മദ് സിറാജിനെ പുറത്താക്കിയാണ് ആവേശ വിജയം ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ലോര്‍ഡ്‌സില്‍ അവസാന നിമിഷം വരെ വിജയം ഇരു ഭാഗത്തേക്കും മാറിമറിഞ്ഞ പോരിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. തന്നോടു കാരം ബോള്‍ എറിഞ്ഞു പരിശീലിക്കാന്‍ ആവശ്യപ്പെട്ടത് സ്പിന്‍ ഓള്‍ റൗണ്ടറും മുന്‍ താരവുമായ മൊയീന്‍ അലിയാണെന്നും ഷൊയ്ബ് ബഷീര്‍ വ്യക്തമാക്കി.
'എഡ്ജ്ബാസ്റ്റണില്‍ വച്ചാണ് ഞാന്‍ മൊയീന്‍ അലിയെ കാണുന്നത്. അദ്ദേഹവുമായി ഏറെ സംസാരിച്ചു. കാരംസ് പന്തുകള്‍ എറിയാണ്‍ മോ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നമ്മളോട് അങ്ങനെയൊരു കാര്യം പറയുന്നതു തന്നെ വലുതാണ്.'
'കാരംസ് പന്തുകള്‍ എറിയാനുള്ള ശ്രമം ഞാന്‍ അതിനു മുന്‍പേ തുടങ്ങിയിരുന്നു. എന്നാല്‍ മോയെ കണ്ടുമുട്ടിയ ശേഷം കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. സ്ലോ ആയൊരു പന്തുപയോഗിച്ചാണ് അന്ന് സിറാജിനു നേരെ എറിഞ്ഞത്.'
'അന്ന് മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യ കടുത്ത പ്രതിരോധം തീര്‍ത്തത് ആശങ്കയായിരുന്നു. അവസരത്തിനായി ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് സ്‌റ്റോക്‌സി (ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്) എനിക്കു പന്ത് നല്‍കിയത്. സിറാജിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജോ റൂട്ടിനെ സില്ലി പോയിന്റിലേക്ക് കൊണ്ടുവന്നു.'
'ഞാന്‍ എറിഞ്ഞ പന്ത് അദ്ദേഹത്തിന്റെ ബാറ്റില്‍ തട്ടി. പന്ത് നിലത്ത് വീണപ്പോള്‍ അതാരും അപ്പോള്‍ കണ്ടില്ല. അതെവിടെയാണെന്നു തിരയുന്നതിനിടെ പന്ത് ഉരുണ്ട് സ്റ്റംപില്‍ കൊണ്ടു ബെയില്‍ വീണു. അതെങ്ങനെയാണ് ബെയില്‍ വീണതെന്നു ശരിക്കും എനിക്കു മനസിലായില്ല. മറ്റുള്ളവര്‍ പ്രതികരിച്ചതു പോലെയായിരുന്നില്ല ആ നിമിഷം എന്റെ പ്രതികരണം. അവസാന വിക്കറ്റു വീണതില്‍ അപ്പോള്‍ എനിക്കു വലിയ ആശ്വാസം തോന്നി.'
'തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ക്രിക്കറ്റിന്റെ ജന്മ മണ്ണില്‍ അവസാന വിക്കറ്റ് വീഴ്ത്തി ടീമിനു അവിസ്മരണീയ ജയമൊരുക്കുക. ആ നിമിഷം ഒരിക്കലും എന്റെ ഉള്ളില്‍ നിന്നു മായില്ല.'
'ഇന്ത്യക്കെതിരായ പരമ്പരയും അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതും അവിശ്വസനീയ അനുഭവമായിരുന്നു. ലോകത്തെ മികച്ച താരങ്ങള്‍ക്കെതിരെയും ഒപ്പവും കളിച്ചപ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചു. എന്റെ പ്രകടനത്തിലും ഞാന്‍ സന്തോഷവനാണ്'- ഷൊയ്ബ് ബഷീർ വ്യക്തമാക്കി.
ലോര്‍ഡില്‍ അരങ്ങേറിയ മൂന്നാം ടെസ്റ്റില്‍ 193 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 170 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 181 പന്തുകള്‍ ചെറുത്ത് 61 റണ്‍സുമായി ക്രീസില്‍ ഉറച്ചു നിന്നു. അവസാന മൂന്ന് വിക്കറ്റുകളിലെ കൂട്ടുകെട്ടുമായി ജഡേജ ഒരുവേള ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീതിയും ഉണര്‍ത്തി. 53 പന്തില്‍ 13 റണ്‍സെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി, 54 പന്തുകള്‍ ചെറുത്ത് 5 റണ്‍സെടുത്ത് ജസ്പ്രിത് ബുംറ, 30 പന്തില്‍ 4 റണ്‍സെടുത്ത് മുഹമ്മദ് സിറാജ് എന്നിവര്‍ ജഡേജയെ പിന്തുണച്ചതോടെയാണ് ഇന്ത്യ പ്രതീക്ഷയുടെ ട്രാക്കില്‍ കയറിയത്.
എന്നാല്‍ ഷൊയ്ബ് ബഷീര്‍ എറിഞ്ഞ കാരം ബോള്‍ മുഹമ്മദ് സിറാജ് ക്രീസില്‍ തന്നെ മുട്ടിയിട്ടു. പന്ത് ഉരുണ്ട് സ്റ്റംപില്‍ തട്ടി ബെയ്ല്‍ വീണാണ് സിറാജ് പുറത്തായത്. മത്സരം ഇന്ത്യ 22 റണ്‍സിനു പരാജയപ്പെട്ടു. ദി സണ്‍ഡേ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിന്റെ അനുഭങ്ങള്‍ പങ്കിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
