

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍, മുന്‍ കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ മിന്നും ജയത്തോടെ സീസണ് തുടക്കമിട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു പക്ഷേ സ്വന്തം തട്ടകമായ ഓള്‍ ട്രോഫോര്‍ഡില്‍ ആദ്യ കളി തന്നെ തോല്‍ക്കാനായിരുന്നു യോഗം. ആഴ്‌സണല്‍ ഒറ്റ ഗോളിനു മാഞ്ചസ്റ്ററിനെ വീഴ്ത്തി സീസണ്‍ വിജയത്തോടെ തുടങ്ങി. രണ്ട് ഗോളിനു മുന്നിലെത്തി പിന്നീട് രണ്ട് ഗോൾ വഴങ്ങി അവസാന ഘട്ടത്തിൽ രണ്ട് ഗോൾ മടക്കി ലിവർപൂൾ ജയം സ്വന്തമാക്കിയ സീസണിലെ ഉദ്ഘാടന പോരാട്ടവും ആരാധകർക്ക് സമ്മാനിച്ചത് വലിയ ആവേശം.
ലിവര്‍പൂള്‍- ബേണ്‍മത്
ലിവര്‍പൂള്‍ സ്റ്റാര്‍ട്ട് ഫോര്‍മേഷന്‍ 4-2-3-1 ബോണ്‍മത് 4-1-4-1. ആറ് ഗോളുകള്‍ പിറന്നു എന്നതു തന്നെ എത്ര വാശിയേറിയ കളിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. 60 ശതമാനത്തിലേറെ ബോള്‍ പൊസഷന്‍ ലിവര്‍പൂള്‍ നേടിയപ്പോള്‍ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ ലിവര്‍പൂളിന്റെ പത്തും ബേണ്‍മതിനു മൂന്നും. ലിവര്‍പൂള്‍ എതിരാളികളേക്കാള്‍ ഏകദേശം ഇരട്ടി പാസുകളും ചെയ്തു. എങ്കിലും ആസ്റ്റണ്‍ വില്ലയുമായും ആഴ്‌സണലുമായും വരാനിരിക്കുന്ന മത്സരങ്ങള്‍ ലിവര്‍പൂളിന് കഠിനമായിരിക്കും എന്നാണെന്റെ വിലയിരുത്തല്‍.
ലിവര്‍പൂളിന് കൗണ്ടര്‍ അറ്റാക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നത് ആദ്യ മത്സരത്തില്‍ തന്നെ വ്യക്തമായി. രണ്ട് ഗോളിനു മുന്നില്‍ നിന്ന ലിവര്‍പൂളിനെതിരെ ബേണ്‍മത് രണ്ട് ഗോളുകള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. തിരിച്ചു വരവിനു നിര്‍ണായകമായസത് അന്റോയിന്‍ സെമന്യോയുടെ ഇരട്ട ഗോളുകളായിരുന്നു. ബേണ്‍മതിന്റെ കൗണ്ടര്‍ അറ്റാക്കുകളാണ് നിലവിലെ ചാംപ്യന്‍മാരെ വെട്ടിലാക്കിയത്. എകിറ്റികെയ്ക്ക് പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കിട്ടിയെങ്കിലും സെമന്യോയും എന്തുകൊണ്ടും അതിനര്‍ഹനായിരുന്നു. ദുര്‍ബലമായ പ്രതിരോധം ഭാവി മത്സരങ്ങളില്‍ ലിവര്‍പൂളിനെ തളര്‍ത്തും. വാന്‍ഡെയ്കിലും കോനാറ്റയിലും ഊന്നിയാണ് പ്രതിരോധം. ഗ്രാവന്‍ബെര്‍ഹ് സസ്‌പെന്‍ഷന്‍ കഴിഞ്ഞു അടുത്ത മത്സരത്തില്‍ തിരിച്ചെത്തിയാലും പ്രതിരോധത്തിലെ വലിയ ഗ്യാപ്പുകള്‍ നിലനില്‍ക്കും.
76ാം മിനിറ്റ് വരെ സമനിലയിലായിരുന്ന കടുത്ത മത്സരത്തില്‍ അകാലത്തില്‍ മരിച്ച ഡീഗോ ജോട്ടയുടെ അഭാവം വെളിവാക്കി. കളിക്കാരെല്ലാം ജോട്ടയെ അനുസ്മരിക്കുന്നുണ്ടായിരുന്നു. യുവന്റസില്‍ നിന്നെത്തിയ കിയേസ പകരാക്കാരനായി ഇറങ്ങി ലിവര്‍പൂളിനെ രക്ഷിക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഇറ്റാലിയന്‍ താരം നേടിയ ഗോളാണ് ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചത്. താരത്തിന്റെ ടീമിലെ സാന്നിധ്യം ഒരുപാടു പ്രതീക്ഷക്കു വകനല്‍കുന്നു. മൂന്നാമത്തെ ഗോളു കൂടാതെ സലയുടെ അവസാന നിമിഷത്തെ ഗോളിലും കിയേസ പ്രധാന സാന്നിധ്യമായിരുന്നു. അറ്റാക്കിനൊപ്പം ഡിഫന്‍സ് ശക്തിപ്പെടുത്തി സെറ്റ് ആയില്ലെങ്കില്‍ ലിവര്‍പൂളിന് മുന്നോട്ടുള്ള വഴി ദുര്‍ഘടമാകും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ആഴ്‌സണല്‍
ഈ വാരാന്ത്യത്തില്‍ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന മത്സരം. രണ്ടു ടീമുകളും അവരുടെ സ്ഥിരം ഫോര്‍മേഷന്‍സിലാണ് തുടങ്ങിയത്. മതെയൂസ് കുന്യയെ മുന്നേറ്റക്കാരനാക്കി മാഞ്ചസ്റ്ററും ആര്‍ട്ടേറ്റയുടെ തന്ത്രങ്ങളില്‍ ആഴ്‌സണലും കളിക്കളം നിറഞ്ഞു. ഇക്കുറി വിങ് വഴിയുള്ള മുന്നേറ്റങ്ങള്‍ കുറച്ച് ഡയറക്റ്റ് അറ്റാക്കിലാണ് മാഞ്ചസ്റ്റര്‍ ശ്രദ്ധിച്ചത്. കൗണ്ടര്‍ അറ്റാക്കിലായിരുന്ന ആഴ്‌സണല്‍ ശ്രദ്ധിച്ചത്. എന്നാല്‍ അതില്‍ അത്ര മികവ് കണ്ടെത്താന്‍ അവര്‍ക്കായതുമില്ല. ഗ്യോകരേസ് ഫോമില്‍ ആയില്ല എന്നുവേണം കരുതാന്‍. കളിയില്‍ എന്റെ മനസില്‍ ഏറ്റവും പതിഞ്ഞത് മത്യാസ് ഡിലിറ്റിന്റെ ഡിഫന്‍സീവ് പ്രകടനമാണ്. മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം ആയിരുന്നേനെ മാന്‍ ഓഫ് ദി മാച്ച്. ഡോര്‍ജു, എംബ്യുമോ എന്നിവരും മികച്ച പ്രകടനം കളിയിലുടനീളം നടത്തി. കഴിഞ്ഞ സീസണ്‍ അപകേഷിച്ചു നിലവിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീം ഒരുപാടു മുന്നില്‍ എത്തിയെന്നുള്ളത് റെഡ് ഡെവിള്‍സ് ഫാന്‍സിനു വളരെ പ്രതീക്ഷ നല്‍കുന്നു.
ഡക്ലന്‍ റൈസിന്റെ കോര്‍ണറില്‍ നിന്നാണ് ആഴ്‌സണല്‍ വിജയ ഗോള്‍ കലഫിയോരി നേടുന്നത്. കോര്‍ണര്‍ സെറ്റ് പീസ് ഗോള്‍ ആക്കി മാറ്റുന്നതില്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ബെയിന്‍ദിറിന്റെ പിഴവും സഹായിച്ചു. ഗബ്രിയേലും സലീബയും നല്‍കിയ ശക്തമായ പിന്തുണ ആഴ്‌സണല്‍ ഗോള്‍ വല കാത്ത റയയ്ക്ക് മാന്‍ ഓഫ് ദി മാച്ച് നേടിക്കൊടുത്തു. സകയും മാര്‍ട്ടിനെല്ലിയും ഒഡേഗാര്‍ഡും അവസരത്തിനൊത്തു ഉയര്‍ന്നില്ല എന്നാണെന്റെ വിലയിരുത്തല്‍. സുബിമെന്റിയുടെ മോശം പ്രകടനവും ആഴ്‌സണലിനെ ചിന്തിപ്പിക്കും. മാഞ്ചസ്റ്ററിനായി സെസ്‌കോയ്ക്ക് അധികം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ ഡിയല്ലോ അരങ്ങേറ്റം ഡ്രിബ്ലിങ്ങും ക്രോസിങ്ങും വഴി ഉജ്വലമാക്കി. കളിക്കു ശേഷമുള്ള പ്രസ് മീറ്റില്‍ റുബന്‍ അമോറിം ഹാപ്പിയായിരുന്നു. ജയിച്ച ആര്‍ട്ടേറ്റ ചിന്താകുലനും.
മാഞ്ചസ്റ്റര്‍ സിറ്റി- വൂള്‍വ്‌സ്
നേരത്തെ പറഞ്ഞതു പോലെ എന്റെ ഫേവറിറ്റ് ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്ലെയറായി ഞാന്‍ കരുതുന്ന റോഡ്രിക്ക് ഈ മത്സരത്തിലും പരിക്കു കാരണം ഇറങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത കളിയില്‍ അദ്ദേഹം ഉണ്ടാവും എന്നാണ് പ്രതീക്ഷ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ കുന്യയുടെ അഭാവം വൂള്‍വ്‌സില്‍ പ്രകടമായിരുന്നെങ്കിലും ആദ്യം നല്ല രണ്ടു അറ്റാക്കുകള്‍ അവര്‍ നടത്തി. മാര്‍ഷല്‍ മുനിസിയുടെ നീക്കം പക്ഷെ ഓഫ്‌സൈഡില്‍ കുരുങ്ങി.
സിറ്റിക്കായി ഹാളണ്ടിനെക്കാളും റെയിന്‍േഡേഴ്‌സ് കളം നിറഞ്ഞു. ഇത്രയും മികച്ചൊരു പ്ലെയറിനെ കണ്ടെത്തിയത് സിറ്റിക്ക് ഒരുപാടു ഗുണം ചെയ്യും. റെയ്ന്‍ഡേഴ്‌സ് ഡ്രിബിള്‍ ചെയ്തു മനോഹരമായി സ്‌കൂപ് ചെയ്തു ലൂയിസിന് വിങില്‍ നല്‍കിയ ബോള്‍ കൃത്യമായ ക്രോസ്സിലൂടെ ഹാളണ്ട് ഗോളാകുന്നു. അതിഗംഭീരം! ബോബിന്റെയും ഷിര്‍ക്കിയുടെയും കളിയും എടുത്തു പറയണം. 4-0 എന്ന നിലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഈ കോമ്പിനേഷനുകള്‍ നന്നായി പ്രവര്‍ത്തിച്ചു. ഒരു ഗോള്‍ പോലും വഴങ്ങിയില്ല എന്നത് പെപ് ഗ്വാര്‍ഡിയോളയുടെ പുതിയ കണ്ടുപിടുത്തങ്ങളുടെ പെര്‍ഫോമന്‍സിന്റെ മിടുക്കാണ്. സിറ്റി ഇക്കുറി കപ്പടിക്കും എന്ന പ്രതീക്ഷ തുടക്കത്തില്‍ തന്നെ തരുന്നുണ്ട്. ആന്ദ്രെയും ജോ ഗോമസും കളിക്കുന്നുണ്ടെങ്കിലും വൂള്‍വ്‌സിനു മുന്‍പോട്ടുള്ള പാത കഠിനമായിരിക്കും.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സ്‍ൻ ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
