

മാഞ്ചസ്റ്റർ: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ അവസാന സെഷനിൽ അരങ്ങേറിയ സമനില നാടകത്തിനു പിന്നാലെ പന്തിൽ കൃത്രിമം കാണിച്ചെന്ന വിവാദവും. നാലാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ പ്രതിരോധ ബാറ്റിങുമായി കളം വാണപ്പോൾ ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞു മടുത്തിരുന്നു. ഇതോടെ രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവരുടെ സെഞ്ച്വറിക്കു മുൻപ് തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സമനിലയ്ക്കു തിരക്കു കൂട്ടി. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. അതിനിടെയാണ് ഇംഗ്ലീഷ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചെന്ന വിവാദവും.
ജഡേജയും വാഷിങ്ടൻ സുന്ദറും തീർത്ത പ്രതിരോധ കോട്ട പൊളിക്കാനാകാതെ നട്ടം തിരിഞ്ഞ ഇംഗ്ലീഷ് താരങ്ങൾ പന്തിൽ കൃത്രിമത്വം കാണിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം ആളിപ്പടർന്നത്. പഴക്കമേറിയതോടെ പന്തിന്റെ കാഠിന്യം നഷ്ടമായിരുന്നു. അതോടെ ഇന്ത്യൻ താരങ്ങൾ അനായാസമായാണ് ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്.
സ്റ്റംപിലേക്ക് എറിയുന്നതിനു പകരം പിച്ചിലെ കാഠിന്യമേറിയ പ്രതലത്തിലേക്ക് എറിഞ്ഞു പന്തിൽ കേടുപാടു വരുത്താൻ സാക് ക്രൗളി ശ്രമം നടത്തിയപ്പോൾ അംപയർ താരത്തിനു താക്കീത് നൽകി. ബ്രയ്ഡൻ കർസ് പന്തിൽ ഷൂവിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെയാണ് പന്തിൽ കൃത്രിമത്വം നടത്താൻ താരങ്ങൾ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നത്.
അവസാന രണ്ട് ദിനത്തിൽ പന്തെറിഞ്ഞു വശംകെട്ടാണ് ഇംഗ്ലീഷ് താരങ്ങൾ കളി നിയമങ്ങളൊക്കെ കാറ്റിൽപ്പറത്താൻ തുടങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 12ാം ഓവറിലാണ് കർസ് പന്തിൽ ഷൂ കൊണ്ടു ചവിട്ടിത്. ഈ ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുടരെ ബൗണ്ടറികൾ നേടിയിരുന്നു. അതിനിടെയാണ് കർസ് പന്ത് ഷൂ കൊണ്ടു ചവിട്ടി നിർത്തിയത്. കർസിന്റെ പ്രവൃത്തി മനഃപൂർവമാണെന്നു പിന്നീട് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പ്രതികരിച്ചു.
അഞ്ചാം ദിവസമായിരുന്നു ക്രൗളിയുടെ പന്തിൽ കാഠിന്യം കൂട്ടാനുള്ള ശ്രമം. 122ാം ഓവറിലാണ് ക്രൗളിയുടെ സാഹസം. ലിയാം ഡോവ്സന്റെ പന്തിൽ ജഡേജയും സുന്ദറും സിംഗിൾ നേടുന്നതിനിടെ പന്ത് സ്റ്റംപിലേക്ക് എറിയുന്നതിനു പകരം ക്രൗളി പിച്ചിന്റെ വശത്തേക്ക് പന്ത് ബോധപൂർവം എറിയുകയായിരുന്നു. പിച്ചിലെ പരുക്കൻ പ്രതലത്തിൽ തട്ടി പൊടി പാറ്റിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിയത്. ഇത്തരത്തിലുള്ള ത്രോകൾ എറിയരുതെന്നു ഉടൻ തന്നെ അംപയർമാർ താരത്തിനു താക്കീതും നൽകി. പന്തിൽ വ്യത്യാസം വരുത്താനാണ് ക്രൗളി ശ്രമിച്ചതെന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് റണ്ണെടുക്കും മുൻപ് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒരുവേള ഇന്നിങ്സ് ജയമെന്ന പ്രതീക്ഷ പോലും ഇംഗ്ലണ്ടിനുണ്ടായി. എന്നാൽ നാലാം ദിനത്തിൽ കെഎൽ രാഹുൽ- ഗിൽ കൂട്ടുകെട്ടും അഞ്ചാം ദിനത്തിൽ ജഡേജ- സുന്ദർ സഖ്യവും ഇംഗ്ലണ്ടിനെ ക്ഷമയുടെ നെല്ലിപ്പലക വരെ കാണിച്ചതോടെ അവർ ഹതാശരായി നിന്നു.
ഗിൽ (103), ജഡേജ (107*), സുന്ദർ (101*) എന്നിവരുടെ സെഞ്ച്വറികളും രാഹുൽ (90) നേടിയ അർധ സെഞ്ച്വറിയും ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഒടുവിൽ അവർ സമനില വഴങ്ങുകയായിരുന്നു. ഇന്ത്യക്ക് ജയത്തോളം പോന്ന സമനിലയായിരുന്നു മത്സരം.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് താരങ്ങൾ 143 ഓവറുകളാണ് എറിഞ്ഞത്. നാല് വിക്കറ്റ് മാത്രമാണ് അവർക്ക് വീഴ്താതൻ സാധിച്ചത്. അഞ്ചാം ദിനത്തിലാകട്ടെ ആകെ 2 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. ജഡേജ- സുന്ദർ സഖ്യം പ്രതിരോധം തീർത്ത് നേടിയത് വിലപ്പെട്ട 203 റൺസും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
